മേളപ്രപഞ്ചം തീര്‍ത്ത് മഠത്തില്‍ വരവ്
തൃശൂര്‍: നടുവില്‍ മഠത്തിന് മുന്‍പിലായി ഒരു കൈ പൂഴിവാരി മുകളില്‍ നിന്ന് താഴേക്കിട്ടാല്‍ പോലും താഴേക്കു വീഴാത്തത്ര തിരക്ക്. മണിക്കൂറുകള്‍ തുടര്‍ച്ചയായി മേളപ്രപഞ്ചം തീര്‍ക്കുന്ന വാദ്യകലാകാരന്മാര്‍ക്കും ശബ്ദം നെഞ്ചോടു ചേര്‍ക്കുന്ന മേളപ്രേമികള്‍ക്കും ഒരിക്കല്‍ കൂടി വിരൊന്നൊരുക്കി ഈ വര്‍ഷത്തെ മഠത്തില്‍ വരവ്.
രാവിലെ ഏഴരയോടെ തിരുവമ്പാടിയില്‍ നിന്നും മൂന്നാനപ്പുറത്ത് നടുവില്‍ മഠത്തിലേക്ക് ദേവിയെ ആനയിച്ചതോടുകൂടിയാണ് പൂരത്തിന് തുടക്കമായത്. തിരുവനമ്പാടിയുടെ ഏഴുന്നള്ളിപ്പ് സ്വരാജ് റൗണ്ടിലൂടെ പഴയമഠത്തിലെ ബ്രഹ്മസ്വം ക്ഷേത്രത്തിലെത്തി ഇറക്കിപ്പൂജ ആരംഭിച്ചു.
ഇവിടെ നിന്നാണ് വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രശസ്തമായ മഠത്തില്‍ വരവ്. മഠത്തില്‍ നിന്ന് ആചാരവെടി മുഴങ്ങിയതോടെ മൂന്നു തവണ ശംഖനാദം മുഴക്കി പഞ്ചവാദ്യത്തിന് തുടക്കമായി. മേള പ്രമാണി കോങ്ങാട് മധുവിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട വാദ്യഘോഷം.
മഠത്തില്‍ വരവ് അതിന്റെ പഞ്ചവാദ്യമേളത്തിലാണ് പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നത്. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഒന്‍പത് മദ്ദളം, നാല് ഇടക്ക എന്നിങ്ങനെയായിരുന്നു പഞ്ചവാദ്യ കലാകാരന്‍മാരുടെ കണക്ക്.
പഞ്ചവാദ്യം കലാശത്തോടു കൂടി എഴുന്നള്ളത് നായ്ക്കനാലില്‍ നിന്ന് തേക്കിന്‍കാട് മൈതാനത്തേക്ക് കടന്നു. ഇവിടെ നിന്ന് 15 ആനകളുടേയും ചെണ്ട മേളത്തിന്റേയും അകമ്പടിയോടെ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നീങ്ങി. പടിഞ്ഞാറെ ഗോപുര നടയിലെത്തി മേളക്കാര്‍ തൊഴുതു മടങ്ങിയതോടെ ചടങ്ങ് പൂര്‍ണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."