വൈപ്പിന്‍- ഫോര്‍ട്ട്കൊച്ചി റോ റോ സര്‍വിസ് 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: പശ്ചിമകൊച്ചി, വൈപ്പിന്‍ ദ്വീപ് നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി കൊച്ചി കോര്പറേഷന് ആവിഷ്കരിച്ച സ്വപ്ന പദ്ധതിയായ റോ റോ വെസലുകളുടെ സര്‍വീസ് 28ന് ആരംഭിക്കും. ഫോര്‍ട്ട്കൊച്ചിയിലെ ടൂറിസം വകുപ്പിന്റെ ജെട്ടിയില്‍ 28നു രാവിലെ ഒന്പതിനു മുഖ്യമന്ത്രി പിണറായി വിജയന് സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നു റോ റോയില്‍ അദ്ദേഹം യാത്ര ചെയ്യും.
സര്‍വീസ് നടത്തിപ്പ് കൈമാറുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇന്നലെ കൗണ്‍സില്‍ യോഗത്തിന് മുന്‍പ് നടന്ന ചടങ്ങില്‍ കോര്പറേഷന് സെക്രട്ടറി എ.എസ് അനുജയും കെ.എസ്.ഐ.എന്‍.സിയുടെ കമ്പനി സെക്രട്ടറി പി.കെ രാജുവും ഒപ്പുവച്ചു. ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, കോര്പറേഷന് ഉദ്യോഗസ്ഥര്‍, കെ.എസ്.ഐ.എന്‍.സിയുടെ കൊമേഴ്ഷ്യല്‍ മാനേജര്‍ സിറില്‍ എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം യാത്രക്കാരെ കയറ്റിയുള്ള റോ റോ വെസലുകളുടെ കോമേഴ്ഷ്യല്‍ സര്‍വീസ് ആരംഭിക്കും.
രാവിലെ ആറു മുതല്‍ വൈകിട്ട് പത്തുവരെയാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. 25 മിനിറ്റ് ഇടവേളയില്‍ ഇരു വശത്തേക്കും 60 മുതല്‍ 64 സര്‍വീസ് വരെ ഉണ്ടാകും. യാത്രക്കാര്‍ ഏറെയുള്ള സമയങ്ങളില്‍ സമാന്തരമായി ബോട്ട് സര്‍വീസും ഉണ്ടാകും. സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) രൂപീകരിക്കുന്നതുവരെയാണ് കരാര്‍. അതിനു ശേഷം സര്‍വീസ് എസ്.പി.വിക്ക് കൈമാറണം. രാത്രിയും സര്‍വീസ് നടത്തണമെന്ന് കോര്പ്പറേഷന് ആവശ്യപ്പെട്ടെങ്കിലും അത് ഉടനെ ഉണ്ടാകില്ലെന്ന് കെ.എസ്.ഐ.എന്‍.സി അറിയിച്ചു.
നടത്തിപ്പും ദൈനംദിന ചിലവുകള്‍ക്കും ശേഷം കിട്ടുന്ന ലാഭം ഇരുകൂട്ടരും തുല്യമായി വിതിക്കുന്ന വ്യവസ്ഥയിലാണ് കരാര്‍ നല്‍കിയിരിക്കുന്നത്. മൂന്നു വര്‍ഷം കൂടുമ്പോള്‍ ചെയ്യേണ്ട ഡ്രൈഡോക്ക് ഒഴികെ മറ്റെല്ലാ ചിലവുകളും കരാര്‍ എജന്‍സി നിര്‍വഹിക്കണം. ആദ്യഘട്ടത്തില്‍ പേപ്പര്‍ ടിക്കറ്റാകും യാത്രക്കാര്‍ക്ക് നല്‍കുക. പിന്നീട് കംപ്യൂട്ടര്‍ ടിക്കറ്റിങിലേക്ക് മാറും.
ജങ്കാര്‍ സര്‍വീസ് നടത്തിയിരുന്നതില്‍ നിന്നും റോ റോയുടെ നിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് പുറമേ നാലു മീറ്ററിന് മുകളില്‍ നീളമുള്ള വാഹനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം യാത്രക്കാര്‍, സൈക്കിള്‍, ഓട്ടോറിക്ഷ എന്നിവയുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. സര്‍വീസ് നടത്തിപ്പിന്റെ മേല്നോട്ടത്തിനായ് കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് കഴിഞ്ഞ കൗണ്‍സിലില്‍ തീരുമാനിച്ചെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."