അബദ്ധങ്ങള്‍ മാറ്റിയും തിരുത്തിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി
കോഴിക്കോട് കൊച്ചിയെന്ന് വായിച്ചാലും...
കൊണ്ടോട്ടി: രണ്ടു ദിവസത്തിനിടെ കേന്ദ്ര ഹജ്ജ് കമ്മറ്റി പുറത്തിറക്കിയ ഹജ്ജ് സര്‍ക്കുലറുകളില്‍ അബദ്ധങ്ങള്‍ കാരണം മാറ്റലും തിരുത്തലും. കുട്ടികളുടെ വിമാന നിരക്ക് ഒരുദിവസം കൊണ്ട് മാറ്റിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി ശീഈ വിഭാഗക്കാര്‍ക്കുള്ള ഹജ്ജ് നിര്‍ദേശങ്ങളില്‍ കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റിനെ കോഴിക്കോടാക്കാനും മറന്നില്ല.
അബദ്ധം ബോധ്യമായതോടെ കോഴിക്കോടെന്നത് കൊച്ചിയെന്ന് വായിച്ചാലും എന്നെഴുതി തല്‍ക്കാലം കൈകഴുകി.
കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ച രണ്ട് വയസിന് താഴെയുള്ള കുട്ടികളുടെ വിമാനനിരക്ക് 10,660 രൂപയെന്നായിരുന്നു ആദ്യസര്‍ക്കുലറിലുണ്ടായിരുന്നത്. പിന്നീട് തൊട്ടടുത്ത ദിവസം തന്നെ ഇതുമാറ്റി 11,660 രൂപയായി ഉയര്‍ത്തി. 6,006 രൂപ വിമാന ടിക്കറ്റ് നിരക്കും 5,653 വിമാനത്താവള നിരക്കുമടക്കമാണ് 11,660 രൂപയെന്ന് വ്യക്തമാക്കിയത്.
തുടര്‍ച്ചയായ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഹജ്ജും ഉംറയും നിര്‍വഹിച്ചവര്‍ രണ്ടായിരം റിയാല്‍ അധികം നല്‍കണമെന്ന നിര്‍ദേശവും മാറ്റി. ഒരിക്കല്‍നിര്‍വഹിച്ചവര്‍ തുക നല്‍കണം എന്നാക്കി. അല്‍പം വൈകിയാണെങ്കിലും സഊദി ഹജ്ജ് മന്ത്രാലയം ഈ വിവരം അറിയിച്ചിരുന്നെങ്കിലും ശ്രദ്ധിക്കാതിരുന്നതാണ് വിനയായത്.
ഈ വര്‍ഷത്തെ ശീഈ വിഭാഗക്കാര്‍ക്കുള്ള ഹജ്ജ് നിര്‍ദേശങ്ങളിലാണ് കൊച്ചിയെ കോഴിക്കോട് ആക്കിയത്. ശീഈ വിഭാഗക്കാര്‍ ഹജ്ജിന് നൂറ് റിയാല്‍ അധികം നല്‍കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം. അഹമ്മദാബാദ്, ഔറംഗാബാദ്, ബംഗളൂരു, ഭോപ്പാല്‍, ഗയ, ജയ്പൂര്‍,നാഗ്പൂര്‍, റാഞ്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവടങ്ങളിലെ തീര്‍ഥാടകര്‍ നൂറ് റിയാലിന് സമാനമായ 1,760 രൂപ അധികം അടക്കണമെന്നാണ് സര്‍ക്കുലറിലുണ്ടായിരുന്നത്. ശീഈ വിഭാഗക്കാര്‍ക്ക് മക്കയുടേയും മദീനയുടേയും ഇടയിലാണ് ഇഹ്‌റാമില്‍ പ്രവേശിക്കുന്ന സ്ഥലമായ മീഖാത്ത്.
ജിദ്ദയില്‍ വിമാനമിറങ്ങി ഇവരെ പ്രത്യേക വാഹനത്തില്‍ ഇവിടെ എത്തിക്കാനാണ് നിരക്ക് ഈടാക്കുന്നത്. ശീഈ വിഭാഗത്തില്‍പ്പെടാത്ത കേരളത്തില്‍ നിന്ന് പോകുന്നവരുടെ മീഖാത്ത് 'യലംലം' എന്ന സ്ഥലമായതിനാല്‍ ഹജ്ജ് ക്യാംപില്‍ നിന്ന് ഇഹ്‌റാം വേഷത്തിലാണ് പുറപ്പെടുന്നത്. അതിനാല്‍ ശീഈ വിഭാഗക്കാരല്ലാത്തവര്‍ ഈ തുക നല്‍കേണ്ടതില്ല.
മുന്‍പ് തയാറാക്കിയ സര്‍ക്കുലര്‍ പരിശോധിക്കാതെ അയച്ചപ്പോഴാണ് കോഴിക്കോട്ടെ എംബാര്‍ക്കേഷന്‍ പോയിന്റ് മാറിയ വിവരം അറിയാതെ പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."