മാനസികാരോഗ്യ പദ്ധതികള്‍ക്ക് 14.1 കോടി അനുവദിച്ചു
തിരുവനന്തപുരം: നടപ്പു സാമ്പത്തികവര്‍ഷം മാനസികാരോഗ്യ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 14.1 കോടി രൂപ അനുവദിച്ചു. ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് 6.6 കോടി രൂപയും സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴിലുള്ള പകല്‍ വീടുകള്‍ക്ക് ആറുകോടി രൂപയും തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിന് 1.5 കോടി രൂപയുമാണ് അനുവദിച്ചത്. നിര്‍ധന രോഗികള്‍ക്ക് ചികിത്സാ ധനസഹായം ചെയ്യുന്ന സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റ്റന്റ് ടു പുവറിന് 5.5 കോടിയും അനുവദിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലും സമഗ്ര മാനസികാരോഗ്യപദ്ധതിയുടെ ഭാഗമായി പകല്‍വീടുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളുണ്ട്. മാനസികരോഗം നിയന്ത്രണവിധേയമാക്കിയവരെയും ഭേദമായവരെയും തുടര്‍ചികിത്സയിലൂടെയും പരിശീലനങ്ങളിലൂടെയും സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനമൊട്ടാകെ പകല്‍വീടുകള്‍ ആരംഭിച്ചത്. സൗജന്യ ചികിത്സ, ഭക്ഷണം കൂടാതെ തൊഴിലധിഷ്ഠിത തെറാപ്പിയും ഇവിടെ നല്‍കുന്നു.
മാനസികാരോഗ്യ ചികിത്സ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമൊതുങ്ങാതെ പ്രാഥമിക തലത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിയാണ് ജില്ലാ മാനസികാരോഗ്യ പരിപാടി.
ഇപ്പോള്‍ മാസത്തിലൊരിക്കല്‍ തിരഞ്ഞെടുത്ത കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മാനസികാരോഗ്യ ക്ലിനക് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് വ്യാപകമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കാന്‍സര്‍, ഗുരുതര വൃക്കരോഗം, കരള്‍ രോഗം എന്നീ മാരക രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന നിര്‍ധന രോഗികള്‍ക്ക് മെഡിക്കല്‍ കോളജുകള്‍, ആര്‍.സി.സി എന്നിവിടങ്ങളില്‍ ചികിത്സക്ക് 50,000 രൂപ വരെ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ലഭിക്കും.
വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കുറവുള്ളവരെയാണ് ഇതിന്റെ ഗുണഭോക്താക്കളായി സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റ്റന്റ് ടു പുവര്‍ തിരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."