ലക്ഷങ്ങള്‍ വിലയുള്ള യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു
ആര്യനാട്: ആദിവാസി മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കിയ ലക്ഷങ്ങള്‍ വിലയുള്ള യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു.
നെടുമങ്ങാട് പട്ടികവര്‍ഗ വികസന ഓഫിസില്‍ നിന്ന് ആദിവാസി മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കിയ കോണ്‍ക്രീറ്റ് മിക്സര്‍ യന്ത്രങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്. ചെട്ടിയാംപാറ, പന്നിക്കുഴി, തേവിയാരുകുന്ന് എന്നിവിടങ്ങളില്‍ നല്കിയ മൂന്ന് മെഷീനുകളാണ് തകരാറിലായത് മൂലം അറ്റകുറ്റപണികള്‍ ചെയ്യാതെ നശിക്കുന്നത്. മൂന്ന് ലക്ഷത്തോളം രൂപയാണ് ഓരോ യന്ത്രത്തിന്റെയും വില. 2016, 17 സാമ്പത്തിക പദ്ധതിയില്‍ ജില്ലയില്‍ ആര്യനാട്, തൊളിക്കാട്, വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളില്‍ അഞ്ച് സ്വയം സഹായ സംഘങ്ങള്‍ക്കാണ് ഇവ അനുവദിച്ചത്. കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കുട്ട, ഷൗവല്‍, മണ്‍വെട്ടി തുടങ്ങിയ സാധനങ്ങളും നല്കി. ഇതില്‍ ആര്യനാട്, തൊളിക്കോട്, വിതുര പഞ്ചായത്തുകളില്‍ നല്കിയ യന്ത്രങ്ങളാണ് കേടായത്. തേവിയാരുകുന്നില്‍ നല്കിയ മിക്സര്‍ യൂനിറ്റ് ആറുമാസത്തോളം പ്രവര്‍ത്തിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
ഈ മെഷീനുകള്‍ കേടായി മാസങ്ങള്‍ പിന്നിട്ടിട്ടും തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. യഥാസമയം തകരാര്‍ പരിഹരിച്ചിരുന്നെങ്കില്‍ ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഇവ പ്രയോജനപ്പെടുമായിരുന്നു.
നിര്‍മാണമേഖലയില്‍ എളുപ്പത്തില്‍ പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ഏറെ പ്രയോജനമുള്ള ലക്ഷങ്ങളുടെ പൊതുമുതല്‍ നശിക്കുന്നതില്‍ മുഖ്യപങ്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."