പൗരത്വ ബില്‍: മതരാഷ്ട്ര നിര്‍മിതിക്കുള്ള രാഷ്ട്രീയ കൗശലമെന്ന് മാവോയിസ്റ്റുകള്‍: ഐക്യപോരാട്ടത്തിന് രംഗത്തിറങ്ങണമെന്നും ആവശ്യം
കാളികാവ്: പൗരത്വ നിയമഭേദഗതി മതരാഷ്ട്ര നിര്‍മിതിക്കുള്ള അസ്ഥിവാരം ഒരുക്കലാണെന്ന് മാവോയിസ്റ്റുകള്‍. വിശാലമായ ഐക്യപോരാട്ടത്തിലൂടെ തീരുമാനത്തെ ചെറുക്കാന്‍ പുരോഗമന ശക്തികള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങണമെന്ന് മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
തൃശൂരിലെ പോസ്റ്റ് ബോക്സില്‍ നിന്നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള കുറിപ്പ് ലഭിച്ചത്. മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലാണ് കുറിപ്പുള്ളത്. വര്‍ഷങ്ങളായി സംഘ്പരിവാര്‍ രാജ്യത്ത് രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന മത-രാഷ്ട്രീയ-വര്‍ഗീയ ദ്രുവീകരണത്തിന് ശക്തിപകരുകയാണ് ചെയ്യുന്നത്. ജ്യുഡീഷ്വറി നിയമ സംവിധാനങ്ങളേയും ഉന്നത ഉദ്യോഗസ്ഥരേയും ഭരണകൂടം വിലക്കെടുത്തിരിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
പൗരത്വത്തെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ തന്ത്രം മാത്രമാണ്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് ജനങ്ങളെ വഴിതിരിച്ച് വിടാനുള്ള രാഷ്ട്രീയകൗശലമാണിത്. മോദി-അമിത്ഷാ-ഭാഗവത് ത്രിമൂര്‍ത്തി സഖ്യം കോര്‍പ്പറേറ്റുകളുടെ പിന്തുണയോടെയാണ് പൗരത്വ നിയമ ഭേദഗതി അടിച്ചേല്‍പ്പിക്കുന്നത്. ജനകീയ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ശ്രമിക്കുന്നത്. പ്രതിഷേധിക്കുന്നവരുടെ ജീവന്‍ മാത്രമല്ല സ്വത്തുവകകള്‍ കണ്ടുകെട്ടുന്ന ഫാസിസ്റ്റ് വാഴ്ചയാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
പൗരത്വ നിയമ ഭേദഗതി ബില്‍ മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒന്നല്ല, വരും നാളുകളില്‍ മറ്റുള്ളവരേയും നിയമം പിടികൂടും. ചെറുത്തു നില്‍പ്പും പോരാട്ടവും മാത്രമാണ് ഇതിന് പരിഹാരം. ദലിത് ഐക്യം സാധ്യമാക്കി പോരാട്ടത്തിന് തയാറാകണമെന്നും മാവോയിസ്റ്റുകള്‍ കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."