അക്രമത്തിലും ഏശിയില്ല; ഹര്‍ത്താലിലും സജീവമായ മലപ്പുറം നഗരം
മലപ്പുറം: ഹര്‍ത്താലിന്റെ മറവില്‍ ജില്ലയില്‍ ബി.ജെ.പി-ആര്‍എസ്എസ് സംഘടനകളുടെ നേതൃത്വത്തില്‍ സംഘര്‍ഷം. പൊലിസുകാര്‍ക്കും യാത്രക്കാര്‍ക്കും പരുക്കേറ്റു. വാഹനങ്ങളും തകര്‍ത്തു. എടപ്പാളിലും പൊന്നാനിയിലും സമരാനുകൂലികള്‍ സംഘര്‍ഷം സൃഷ്ടിച്ചു.
നിരവധി പേരെ കസ്റ്റഡിയിലെടുത്തു. എടപ്പാളില്‍ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ തിരിഞ്ഞതോടെ സംഘര്‍ഷം വര്‍ധിച്ചു. പൊലിസ് ലാത്തിവീശി. കണ്ണീര്‍വാതക പ്രയോഗവും നടത്തി. നിരവധി പേരെ കസ്റ്റഡിയിലെടുത്തു
അതേസമയം, ഹര്‍ത്താല്‍ തള്ളിക്കളഞ്ഞു ജില്ലയിലുടനീളം സ്വകാര്യ വാഹനങ്ങള്‍ ഇന്നലെ നിരത്തിലിറങ്ങി. വ്യാപാര സ്ഥാപനങ്ങളും ഹര്‍ത്താല്‍ ദിനത്തില്‍ തുറന്നുപ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു. സ്വകാര്യ ബസുകളും ടാക്‌സികളും വിവിധ സ്ഥലങ്ങളില്‍ സര്‍വിസ് നടത്തി. കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്താതിരുന്നതു ദീര്‍ഘദൂര യാത്രക്കാരെ വലച്ചു. രാവിലെ പത്തോടെ സംഘടിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ചില സ്ഥലങ്ങളില്‍ കടകള്‍ അടപ്പിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞു.
ജില്ലാ ആസ്ഥാന നഗരമായ മലപ്പുറത്ത് ഹര്‍ത്താല്‍ പൂര്‍ണമായും പരാജയപ്പെട്ടു. മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, കോട്ടക്കല്‍, കൊണ്ടോട്ടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹര്‍ത്താല്‍ ദിനത്തിലും കടകള്‍ തുറന്നു. വാഹനങ്ങള്‍ ഓടി.
ശബരി മല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു യു.ഡി.എഫ് ഇന്നലെ കരിദിനവും ആചരിച്ചു. വിവിധ ഭാഗങ്ങളില്‍ യു.ഡി.എഫ് ജനപ്രതിനിധികളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
ഹര്‍ത്താലിനെ തള്ളി ജില്ലാ ആസ്ഥാനം
ജില്ലാ ആസ്ഥാനം ഹര്‍ത്താലിനെ തള്ളി. സ്വകാര്യ വാഹനങ്ങള്‍ സജീവമായി നിരത്തിലിറങ്ങി. വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചു. അതേസമയം, സ്വകാര്യ ബസുകള്‍ ഉച്ചവരെ സര്‍വിസ് നടത്തിയില്ല. കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്താതിരുന്നതു ജില്ലാ ആസ്ഥാനത്തുനിന്നുള്ള ദീര്‍ഘദൂര യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. നഗരത്തില്‍ ഹര്‍ത്താലിന് അനുകൂലമായി പ്രകടനംപോലും നടത്തിയില്ല. കടയടപ്പ് സമരങ്ങളും നടന്നില്ല. മാര്‍ക്കറ്റുകള്‍ സജീവമായി. കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ജീവനക്കാരെത്തി. ഓഫിസുകളും പ്രവര്‍ത്തിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."