റോഡിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് സംയുക്ത പരിശോധന
മലപ്പുറം: ജില്ലയിലെ റോഡുകളിലും ഇരുവശങ്ങളിലെ നടപ്പാതകളിലും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ പി.ഡബ്ല്യു.ഡി മുന്‍കൈയെടുത്ത് നടപ്പാക്കാന്‍ ജില്ലാതല റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി നടപ്പാതകളിലുള്ള താല്‍ക്കാലിക കൈയേറ്റങ്ങള്‍ ഒരാഴ്ചത്തെ നോട്ടീസ് നല്‍കി പൊലിസ്, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പുകളുടെ സഹായത്തോടെ ഒഴിപ്പിക്കും. ആദ്യഘട്ടമായി 23 ന് മലപ്പുറം നഗരസഭയുടെ സഹായത്തോടെ മലപ്പുറം ടൗണില്‍ സംയുക്ത പരിശോധന നടത്തും. നടപ്പാതകളിലും റോഡിലുമുള്ള മറ്റ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍മാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഴി രണ്ടാംഘട്ടത്തില്‍ നടപടി സ്വീകരിക്കും. ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം പി. സെയ്യിദ് അലി യോഗത്തില്‍ അധ്യക്ഷനായി.
കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടുകളായി പരിഗണിച്ച് അവിടെ ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും മറ്റ് റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കാനും ഫണ്ട് അനുവദിക്കുന്നതിന് പ്രപ്പോസലുകള്‍ സമര്‍പ്പിക്കും. ഇക്കാലയളവില്‍ റോഡ് സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡുകള്‍, ഗതാഗത തടസം ഉണ്ടാക്കുന്ന കുഴികള്‍, സ്ലാബുകള്‍ ഇല്ലാത്തതോ പൊട്ടിപ്പൊളിഞ്ഞതോ ആയ ഓടകള്‍ എന്നിവ നന്നാക്കാനുള്ള എസ്റ്റിമേറ്റുകള്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി 28 നകം സര്‍ക്കാറിന് നല്‍കണം. നിലവില്‍ പ്രവര്‍ത്തിക്കാത്ത ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള ബോധവത്ക്കരണ ക്ലാസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കും. കൂടുതലായി അപകടങ്ങള്‍ ഉണ്ടാവുന്ന സ്ഥലങ്ങളില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയും പൊതുജനങ്ങളെയും ഉള്‍ക്കൊള്ളിച്ച് ഡ്രൈവിങ് അവബോധ ക്ലാസുകള്‍ നടത്തും. യോഗത്തില്‍ ആര്‍.ടി.ഒ കെ.എം ഷാജി, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."