വിസ്മയകരമായ നേട്ടവുമായി കുടുംബശ്രീ വൈദഗ്ധ്യ പരിശീലന പദ്ധതി
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥിക്ക് ബഹുരാഷ്ട്ര കമ്പനിയില്‍ ആകര്‍ഷകമായ വേതനത്തില്‍ നിയമനം ലഭിച്ചു. കാപ്പംക്കൊല്ലി സ്വദേശിനിയായ ഷബാന ജാസ്മിനാണ് സതര്‍ലാന്‍സ് ഗ്ലോബല്‍ സര്‍വിസസ് എന്ന കമ്പനിയില്‍ കണ്‍സള്‍ട്ടന്റായി നിയമനം ലഭിച്ചത്.
1,94,000 രൂപ വാര്‍ഷിക ശമ്പളത്തില്‍ കൊച്ചിയിലാണ് ആദ്യ നിയമനം. വിദേശത്തേക്കടക്കം സ്ഥലം മാറ്റം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്പനിക്ക് 19 രാജ്യങ്ങളിലായി 60 ല്‍പരം കേന്ദ്രങ്ങളില്‍ വ്യവസായ ശൃംഖലകളുണ്ട്. ജില്ലയില്‍ വിവിധ ഏജന്‍സികള്‍ നടത്തുന്ന ഏഴ് പരിശീലന കേന്ദ്രങ്ങളാണ് ഡി.ഡി.യു. ജി.കെ.വൈ പദ്ധതി പ്രകാരം കുടുംബശ്രീയുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ആയിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ ഈ കേന്ദ്രങ്ങളില്‍ ഇതിനകം പ്രവേശനം നേടിയിട്ടുണ്ട്. ഇവരില്‍ പകുതിയിലധികവും വനിതകളാണെന്ന സവിശേഷതയുമുണ്ട്. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ പ്രവേശനം ലഭിക്കുക. കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളില്‍ ഉദ്യോഗാര്‍ഥികളുടെ സംഗമം നടത്തിയാണ് ഏജന്‍സികള്‍ അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്. ഭക്ഷ്യ സംസ്‌കരണം, ഫാഷന്‍ ടെക്‌നോളജി, ഓട്ടോ മൊബൈല്‍ ടെക്‌നീഷ്യന്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, റീട്ടെയില്‍ മാനേജ്‌മെന്റ്, ഐ.ടി എനേബിള്‍ഡ് സര്‍വിസ്, ട്രാവല്‍ കണ്‍സള്‍ട്ടന്റ്, കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ്, സെക്യൂരിറ്റി ഗാര്‍ഡ്, ബി.പി.ഒ തുടങ്ങി ആധുനിക കാലഘട്ടത്തില്‍ ഏറെ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാണ് പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പൂര്‍ണമായും സൗജന്യമായാണ് പരിശീലനം നല്‍കുക. കൂടാതെ യൂനിഫോം, പഠന സാമഗ്രികള്‍ എന്നിവയെല്ലാം സൗജന്യമായി ലഭിക്കും. റസിഡന്‍ഷ്യല്‍ കോഴ്‌സ് അല്ലാത്തവര്‍ക്ക് പ്രതിദിനം 100 രൂപ യാത്രാബത്തയും ലഭിക്കും. റസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായി നല്‍കും. പരിശീലനത്തിന് ശേഷം വിവിധ കമ്പനികളില്‍ ഓണ്‍ ജോബ് ട്രെയിനിംഗും ലഭിക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടത്തുന്നത്.
പദ്ധതി പ്രകാരം ഇതുവരെ മുന്നൂറിലധികം പേര്‍ക്ക് നിയമനം ലഭിച്ചതില്‍ 107 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരാണ്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും പതിനായിരത്തിലധികം രൂപ ശമ്പളമായി ലഭിക്കുന്നുണ്ട്. പദ്ധതി പ്രകാരം പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: കുടുംബശ്രീ ജില്ലാ മിഷന്‍-04936206589, കിരണ്‍- 9633866892, സിഗാള്‍ തോമസ്-9447040740, വൈശാഖ് എം ചാക്കോ- 8547217962, ബിജോയ്- 9605070863.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."