ഗൃഹനാഥന്റെ കൊല: പ്രതി പിടിയില്‍
കൊട്ടാരക്കര: വാളകത്ത് ഗൃഹനാഥനെ കൊലപടുത്തിയ കേസില്‍ പ്രതി പിടിയില്‍. പത്തനംതിട്ട മയിലാടുപാറ പനയ്ക്കല്‍ വീട്ടില്‍ പ്രസാദാ(47)ണ് പിടിയിലായത്. വാളകം നെടുവം വയലില്‍ പുത്തന്‍വീട്ടില്‍ ജോണികുട്ടി(62) കൊല്ലപ്പെട്ട കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
വാളകം എം.എല്‍.എ മുക്കിന് സമീപം എന്‍.എസ്.എസ് കരയോഗമന്ദിരത്തിന്റെ തിണ്ണയില്‍ ഇക്കഴിഞ്ഞ ഒന്നിന് രാവിലെ നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞനിലയില്‍ ജോണികുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ജോണികുട്ടിയുടെ അടുത്ത സുഹൃത്താണ് പ്രസാദ്. അറസ്റ്റ് വാറണ്ടുമായി എത്തിയ പത്തനംതിട്ട സ്റ്റേഷനിലെ പൊലിസുകാരനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ ഒളിവില്‍ കഴിയാന്‍ വേണ്ടിയാണ് ജയിലില്‍ പരിചയപ്പെട്ട ജേണികുട്ടിയുടെ വീട്ടില്‍ പ്രസാദ് എത്തിയത്. കഴിഞ്ഞ കുറെ ദിവസമായി വാളകത്ത് ഇവര്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. സംഭവദിവസം മദ്യം ലഭിക്കാത്തതിനാല്‍ തലേന്ന് ഇരുവരും കൂടി ബിവറേജ്‌സ് മദ്യവില്‍പ്പനശാലയില്‍ നിന്ന് മദ്യം വാങ്ങി കരയോഗമന്ദിരത്തിന്റെ തിണ്ണയില്‍ രണ്ട് ചാക്കുകളിലായി സൂക്ഷിച്ച ശേഷം അവിടെയിരുന്ന് മദ്യപിച്ചു. മദ്യപാനത്തിനിടെ വാക്കുതര്‍ക്കം ഉണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പ്രസാദ് ജോണികുട്ടിയെ തള്ളിയിട്ടു. വീഴ്ചയില്‍ തലയിടിച്ച് ജോണികുട്ടി അബോധാവസ്ഥയിലായി. മരിച്ചെന്ന് കരുതി സൂക്ഷിച്ചിരുന്ന മദ്യം പൊട്ടിച്ച് ജോണികുട്ടിയുടെ ദേഹത്ത് ഒഴിച്ച് പ്രസാദ് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഒന്നും സംഭവിക്കാത്തതുപോലെ ഇയാള്‍ ജോണികുട്ടിയുടെ വീട്ടില്‍ പോയി ഉറങ്ങി. പൊലിസെത്തിയപ്പോള്‍ മൃതദേഹം മാറ്റാനും സംസ്‌കരിക്കാനും സജീവമായി നില്‍ക്കുകയും ചെയ്തു. ഇയാളുടെ പെരുമാറ്റത്തിലെ പ്രത്യേകതയും നാട്ടുകാര്‍ക്ക് ഇയാളെ പരിചയമില്ലന്ന വിവരത്തിന്റേയും അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണമാണ് പ്രസാദിനെ കുടുക്കിയത്. മുന്‍പ് ഒരു കൊലക്കേസില്‍ പ്രതിയായി ഇയാള്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ മോഷണക്കേസിലും ചാരായക്കേസിലും പ്രതിയാണ്. ജോണികുട്ടിയും ചാരായകേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഡിവൈ.എസ്.പി എ.അശോകന്‍, സി.ഐ ബി.എസ്.സജിമോന്‍,എസ്.ഐ റ്റി.എസ്.ശിവപ്രകാശ്, സ്‌ക്വാഡ് എസ്.ഐ ബിനോജ്, എ.എസ്.ഐമാരായ ഷാജഹാന്‍,ശിവശങ്കരപിള്ള, സി.പി.ഒമാരായ അജയകുമാര്‍,രാധാകൃഷ്ണപിള്ള, ആശിഷ്‌കോഹൂര്‍,അബ്ദൂള്‍സലാം,രമേശന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."