സി.എ.എ അനുകൂലികള്‍ക്ക് മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചതായി വ്യാജപ്രചാരണം
മലപ്പുറം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന വ്യാജ പ്രചാരണവുമായി സംഘപരിവാര്‍ സംഘടനകള്‍. കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍ കോളനി നിവാസികള്‍ക്ക് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചെന്നാണ് ദേശീയ തലത്തിലുള്ള പ്രചാരണം. ബി.ജെ.പിയുടെ ചിക്മംഗളൂര് എം.പി ശോഭ കരന്തലജെ ഉള്‍പ്പെടെയുള്ളവരാണ് പ്രചാരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പഞ്ചായത്തിലെ മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതിയുടെ ഫോട്ടോ വെച്ചാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി പഞ്ചായത്ത് അധികൃതരും നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള വ്യാജ പ്രചാരണമാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നതെന്ന് കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹ്മദ് കുട്ടി, മെമ്പര്‍മാരായ വസീമ വാളേരി, റംല എന്നിവര്‍ പറഞ്ഞു.
കുടിവെള്ളം നിഷേധിക്കപ്പെട്ടതുപോലുള്ള പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുറ്റിപ്പുറം പൊലിസും വ്യക്തമാക്കുന്നു.
ബി.ജെ.പി എം.പി ശോഭ കരന്തലജെയുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ട്വിറ്റര്‍ പോസ്റ്റിനെതിരേ സുപ്രിം കോടതി വക്കീലും കുറ്റിപ്പുറം പൈങ്കണ്ണൂര്‍ സ്വദേശിയുമായ സുഭാഷ് ചന്ദ്രന് കെ.ആര് ജില്ലാ പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."