സഞ്ചരിക്കുന്ന ലോക് അദാലത്ത് ഊര്‍ങ്ങാട്ടിരിയില്‍ പ്രവര്‍ത്തനം തുടങ്ങി
അരീക്കോട്: സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഞ്ചരിക്കുന്ന ലോക് അദാലത്ത് ഊര്‍ങ്ങാട്ടിരിയില്‍ പ്രവര്‍ത്തനം തുടങ്ങി. സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ അദാലത്ത് മഞ്ചേരി മുന്‍സിഫ് ജഡ്ജ് അരവിന്ദ് വി എടയോടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി അധ്യക്ഷനായി.
അരീക്കോട് ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അബ്ദുറഹ്മാന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി പുന്നക്കല്‍, അഡ്വ. ടി.എം ഗോപാലകൃഷ്ണന്‍, ഏറനാട് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി കൈലാസ് ഭൂഷണ്‍, സി.ഡി.എസ് പ്രസിഡന്റ് ഹലീമ സംസാരിച്ചു. പൊതു സ്വഭാവമുള്ളവയടക്കം പത്ത് പരാതികളാണ് ഇന്നലെ അദാലത്തില്‍ പരിഗണനക്കെടുത്തത്. സ്ഥലം, വഴി, അതിര്‍ത്തിയിലെ മരങ്ങള്‍, ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നുള്ള ശബ്ദ മാലിന്യപ്രശ്‌നം, സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയിലടച്ച പണം തിരികെ കിട്ടാത്തത് എന്നിവയാണ് കോടതിയുടെ പരിഗണനയില്‍ വന്നത്.
ജഡ്ജ് അരവിന്ദ് വി എടയോടി, അഡ്വ. മഹേഷ്, അഡ്വ. ടി.എം ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരാതികള്‍ കേട്ട് പരിഹാര നിര്‍ദ്ദേശം നല്‍കിയത്. മഞ്ചേരി ബാറിലെ അഭിഭാഷകരായ റംല പുതുശ്ശരി, പ്രീതി ശിവരാമന്‍, ആശിജ പുല്ലഞ്ഞോളി, സ്‌നേഹജ, എം ടി ഷാക്‌സ്, മുജീബ് റഹ്മാന്‍ എന്നിവര്‍ പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് ഉചിതമായ നിയമോപദേശങ്ങള്‍ നല്‍കി. കൂടാതെ ലീഗല്‍ സര്‍വീസസ് അതോറിറ്റികളെയും അനുബന്ധ സ്ഥാപനങ്ങളെയും കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. ഇന്ന് വെറ്റിലപ്പാറ വില്ലേജ് ഓഫിസ് പരിസരത്തും നാളെ ചൂളാട്ടിപ്പാറ അങ്ങാടിയിലും ലോക് അദാലത്തിന്റെ സഞ്ചരിക്കുന്ന കോടതിയെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."