പുലാമന്തോളിലെ വെടിവയ്പ്: അന്വേഷണം ഊര്‍ജിതമാക്കി
പെരിന്തല്‍മണ്ണ: പുലാമന്തോളിലെ സ്വര്‍ണക്കടയിലേക്കു തോക്കും കത്തിയുമായി പരിചയഭാവത്തിലെത്തി വെടിവച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയതായി സി.ഐ സാജു കെ. അബ്രാഹാം. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
പുലാമന്തോളില്‍ കൊളത്തൂര്‍ റോഡിലെ കാഞ്ഞിരക്കടവത്ത് സ്വര്‍ണക്കടയില്‍ ജ്വല്ലറി ഉടമയ്ക്കുനേരെ വെടിയുതിര്‍ത്തു കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിലാകുകയും ചെയ്തിരുന്നു. കേസില്‍ അന്വേഷണം ഊര്ജിതമാക്കിയതായതായി പെരിന്തല്‍മണ്ണ സി.ഐ ജോണ്സണ് അറിയിച്ചു. ഇന്നലെ ജ്വല്ലറിയില്‍ ഫോറന്‍സിക് വിഭാഗം ശാസ്ത്രീയ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. തൃശൂര്‍ പൊലിസ് അക്കാദമിയിലെ ഡോ. അനി വാസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതി വെടിയുതിര്‍ക്കാനുപയോഗിച്ച തോക്ക് ജെര്‍മന്‍ കമ്പനിയുടെ വാല്‍ത്തര്‍ 88 എന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ അയച്ച് അന്വേഷണം നടത്തും.
പ്രതി ഇരിമ്പിളിയം തൊട്ടിമ്മല്‍ ആഷിഖ് റഹ്മാന് (55) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ആശുപത്രിയില്‍ ശക്തമായ പൊലിസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതി ഹെല്‍മറ്റ് ധരിച്ചെത്തി സ്വര്ണക്കടയിലേക്ക് വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കടയിലെ ആഭരണങ്ങളും മറ്റും എടുത്തുവയ്ക്കുന്ന തിരക്കിലായിരുന്നു ഉടമ പാലൂര് കാഞ്ഞിരക്കടവത്ത് ഹസ്സനും സഹോദരിയുടെ രണ്ടു മക്കളും. വെടിയുണ്ട ചില്ലില്‍ത്തട്ടി തെറിച്ച ചീളുകളേറ്റു ഹസ്സനു പരുക്കേറ്റിരുന്നു. വെടിവച്ചതോടെ ഉടമ പെട്ടെന്നുതന്നെ യുവാവിന്റെ അടുക്കലേക്ക് ഓടിവന്നു. ഇതോടെ പുറത്തെ സ്കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ യുവാവ് ശ്രമിച്ചു. വെടിശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ചേര്‍ന്ന് യുവാവിനെ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."