മെഡിക്കല്‍ ഉപകരണങ്ങള്‍ തരൂ... ലോകത്തോട് അഭ്യര്‍ഥനയുമായി ചൈന
ബെയ്ജിങ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് അടിയന്തരമായി മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കണമെന്ന് ലോക രാജ്യങ്ങളോട് അഭ്യര്‍ഥിച്ച് ചൈന. വൈറസ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ മെഡിക്കല്‍ മാസ്‌ക്, പ്രൊട്ടക്റ്റീവ് സ്യൂട്ട്, ഗ്ലൗസ് എന്നിവ അടിയന്തരമായി എത്തിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുന്‍യിങ് വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു.
2002ല്‍ രാജ്യത്ത് സാര്‍സ് പടര്‍ന്നുപിടിച്ചതിനു സമാനമായ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉപയോഗിക്കാന്‍ പോലും മാസ്‌ക്, പൊട്ടക്ടീവ് സ്യൂട്ട് അടക്കമുള്ളവ ലഭിക്കുന്നില്ല. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ രോഗികളെ പരിശോധിക്കുന്നത് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
ചൈനയില്‍ എല്ലാ കമ്പനികളുടെയും മുഴുവന്‍ പ്രവര്‍ത്തനക്ഷമതയും ഉപയോഗപ്പെടുത്തിയാലും ഒരുദിവസം രണ്ടു കോടിയോളം മാസ്‌കുകള്‍ മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കൂ. എന്നാല്‍ 60 മുതല്‍ 70 ശതമാനം ഉല്‍പ്പാദനം മാത്രമേ നടക്കുന്നുള്ളൂ. നിലവിലെ സാഹചര്യത്തില്‍ അത് അപര്യാപ്തമാണ്.
ദക്ഷിണ കൊറിയ, ജപ്പാന്‍, കസാഖിസ്ഥാന്‍, ഹങ്കറി തുടങ്ങിയ രാജ്യങ്ങള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്തിരുന്നു. എന്നാല്‍ ചൈനയില്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ അടങ്ങുന്ന ഹുബൈയില്‍ മാത്രം അഞ്ചു കോടിയോളം ആളുകളുണ്ട്. നിലവില്‍ ഹുബൈയ്ക്കു പുറക്കേത്തും വൈറസ് പടര്‍ന്നുപിടിച്ചിരിക്കുകയാണ്. വൈറസ് വ്യാപകമായി പടരാന്‍ തുടങ്ങിയതോടെ മാസ്‌ക് ധരിക്കാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിന് മാസ്‌കുകള്‍ കിട്ടത്ത അവസ്ഥയാണ്. മാത്രമല്ല ആശുപത്രി ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ധരിക്കാനാവശ്യമായ പ്രൊട്ടക്ടീവ് സ്യൂട്ടും ഗ്ലൗസും ലഭിക്കാത്തതും വന്‍ പ്രതിസന്ധിക്കിടയാക്കുന്നു.
വുഹാനില്‍ 1000 കിടക്ക ആശുപത്രി സജ്ജം
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ചവരെയും രോഗബാധ സംശയിക്കുന്നവരെയും ചികില്‍സിക്കാനുള്ള ആശുപത്രികളില്‍ ഒന്നിന്റെ നിര്‍മാണം പൂര്‍ത്തിയായി. വുഹാനില്‍ സജ്ജമാക്കിയ ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി.
ജനുവരി 23ന് നിര്‍മാണമാരംഭിച്ച ഹ്യൂഷെന്‍ഷാന്‍ ആശുപത്രിയുടെ പണി ഞായറാഴ്ച രാവിലെയോടെ പൂര്‍ത്തിയായി. പ്രസിഡന്റ് ഷി ജിന്‍പിങ് ആശുപത്രി കമ്മിഷന്‍ ചെയ്തു. ഒമ്പത് ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയായ ആശുപത്രിയില്‍ 1000 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. 1,600 കിടക്കകളുള്ള മറ്റൊരു താല്‍ക്കാലിക ആശുപത്രിയുടെ കൂടി നിര്‍മാണമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."