HOME
DETAILS
MAL
മൈക് പോംപിയോ സഊദിയിൽ; യമനിൽ വെടിനിർത്തൽ തുടരാൻ കിരീടാവകാശിയുമായി ധാരണ
backup
January 15 2019 | 11:01 AM
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഇറാനെതിരെ ഗള്‍ഫ് രാഷ്ട്രങ്ങളെ ഐക്യം ലക്ഷ്യം വെച്ച് നടത്തിയ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം സഊദിയില്‍ എത്തിയത്. അൽ യമാമഃ രാജകൊട്ടാരത്തിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ യമൻ, ഇറാഖ്, അഫ്‌ഗാനിസ്ഥാൻ തുടങ്ങി മേഖലയിലെയും മറ്റും നിലവിലെ പ്രധാന സംഭവ വികാസങ്ങൾ വിഷയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തെയും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളെയും കുറിച്ച് സൽമാൻ രാജാവും പോംപിയോയും വിശകലനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു. ഖത്തർ പ്രതിസന്ധിയും ചർച്ചയായതായും പരിഹാരം കണ്ടതായും വാർത്തയുണ്ട്. എന്നാൽ, ഇക്കാര്യം ഇരു കൂട്ടരും ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.
യമനിലെ അല്‍ഹുദൈദയില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനും സ്വീഡൻ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും മൈക് പോംപിയോയും നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി റിയാദിലെ യു.എസ് എംബസി പറഞ്ഞു. യെമന്‍ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കുന്നതിന് സമഗ്ര രാഷ്ട്രീയ പരിഹാരമാണ് ഏക വഴിയെന്ന കാര്യത്തിലും ഇരുവരും ധാരണയിലെത്തിയിട്ടുണ്ട്. കൂടാതെ, യമൻ, അഫ്ഗാൻ എന്നിവിടങ്ങളിൽ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സഊദിയുടെ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു. രാജാവുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് മൈക് പോംപിയോ പറഞ്ഞു. യെമന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ അടക്കം നിരവധി പ്രശ്‌നങ്ങള്‍ രാജാവുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.
സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, അമേരിക്കയിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രി ഡോ. മുസാഅദ് അല്‍ഈബാന്‍, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അല്‍അസ്സാഫ്, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈറുമായും മൈക് പോംപിയോ പ്രത്യേകം ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."