ബസില്‍ കഞ്ചാവ് കടത്ത്; സേലം സ്വദേശി പിടിയില്‍
കോട്ടയം: അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന സ്വകാര്യ ബസില്‍ കടത്തിക്കൊണ്ടുവന്ന പത്തുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. തമിഴ്നാട് സേലം സുരമംഗലം ഒന്നാം സ്ട്രീറ്റിലെ താമസക്കാരനായ ശങ്കര്‍ ഗണേഷിനെയാണ് (44) എക്സൈസിന്റെ സംയുക്ത പരിശോധനാ സംഘം പിടികൂടിയത്. ഞായറാഴ്ച രാവിലെ ആറരയോടെ എം.സി റോഡില്‍ കോടിമത പാലത്തിനു സമീപം സ്വകാര്യ ബസുകള്‍ യാത്രക്കാരെ കയറ്റുന്ന സ്ഥലത്തു നിന്നാണ് ശങ്കര്‍ ഗണേഷിനെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് കമ്മിഷണറുടെ സ്പെഷല്‍ സ്ക്വാഡും ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ശങ്കര്‍ ഗണേഷിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിതരണം ചെയ്യുന്നതിനായി തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നായി അടുത്തിടെ എക്സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എക്സൈസ് അധികൃതര്‍ ദിവസങ്ങളായി നിരീക്ഷണം നടത്തി വരികയായിരുന്നു. നേരത്തെ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് വന്‍ തുകയുടെ കഞ്ചാവ് ജില്ലയിലേക്ക് എത്തിക്കുന്നതായി സൂചന ലഭിച്ചത്. തുടര്‍ന്നാണ് നിരീക്ഷണം നടത്തി വന്നത്. രാവിലെ ബസില്‍ വന്നിറങ്ങിയ ശങ്കറിനെ എക്സൈസ് കമ്മിഷണറുടെ സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.രാജേഷ്, എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.വി ദിവാകരന്, എക്സൈസ് ഇന്റലിജന്‍സ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എന്‍.വി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."