ഓരോ തുള്ളിയും അമൂല്യം
കണ്ണൂര്‍ സിറ്റി: നഗരം കടുത്ത വരള്‍ച്ച നേരിടാന്‍ പോകുന്ന സാഹചര്യത്തിലും ജലം പാഴാകുന്നത് തടയാനാവാതെ ജലവിതരണ വകുപ്പ്. കണ്ണൂര്‍ നഗരത്തിലും പരിസരങ്ങളിലുമായി ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാവുന്നത്.
നഗരത്തിലും പരിസരത്തുമായി ചെറുതും വലുതുമായി മുപ്പതിലധികം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയിട്ടുള്ളത്. വലിയ രീതിയില്‍ ജലം പാഴാവുന്നത് ഉടനെ തന്നെ അധികൃതര്‍ ശരിയാക്കുന്നുണ്ടെങ്കിലും ചെറിയ പൊട്ടലുകള്‍ ശരിയാക്കാന്‍ അധികൃതര്‍ മടിക്കുകയാണ്.
നഗരത്തിലെ മിക്ക സ്ഥലങ്ങളിലും ചെറിയ രീതിയില്‍ പൈപ്പ് പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ സിറ്റിയില്‍ ഒരു കിലോമീറ്റനിടയില്‍ പത്തോളം ഇടങ്ങളില്‍ ഇങ്ങനെ വെള്ളം നഷ്ടപ്പെടുന്നുണ്ട. മിക്ക ദിവസവും രണ്ട് മണിക്കൂറിലധികം സമയം വെള്ളം പമ്പ് ചെയ്യാറുണ്ട്. ഇങ്ങനെ ഓരോ പൊട്ടലില്‍ നിന്നും ലിറ്റര്‍ കണക്കിന് വെള്ളമാണ് നഷ്ടപ്പെടുന്നത്. പൈപ്പുകള്‍ പൊട്ടി വെള്ളം നഷ്ടപ്പെടാന്‍ തുടങ്ങിയിട്ടു നാളുകളായെങ്കിലുംചോര്‍ച്ച പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ജലവിതരണ വകുപ്പ് അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നും വ്യാപക പരാതി ഉയരുന്നുണ്ട്. ചെറിയ പൊട്ടലുകളായതിനാലാണ് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ ജലം പാഴാവുന്നത് ഗൗരവത്തിലെടുക്കാത്തതെന്നും ആക്ഷേപമുണ്ട്. ഓരോ തുള്ളി ജലവും സംരക്ഷിക്കണമെന്നു പ്രചരിപ്പിക്കുന്ന ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തിയിലും ഈ ജാഗ്രത വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."