അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ സ്വദേശിയെ എയര്‍ ആംബുലന്‍സ് വഴി നാട്ടിലെത്തിച്ചു
ജിദ്ദ: രണ്ട് മാസത്തോളമായി അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കഴിയുന്ന തലശ്ശേരി ചോനാടം സ്വദേശി സയ്യിദ് നിസാമൂദ്ദീനെ എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിച്ചു.
കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്കുള്ള ജെറ്റ് ഐയര്‍വേസ് വിമാനത്തിലാണ് ദമാമില്‍നിന്നു ഇദ്ദേഹത്തെ കൊണ്ടുപോയത്.
റിയാദിലെ ചോക്‌ളേറ്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന നിസാം ഡിസംബര്‍ 28ന് ജോലിയുടെ ഭാഗമായി അല്‍ഖോബാറിലത്തെിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടു ദിവസത്തിന് ശേഷം ഹൃദയാഘാതം സംഭവിച്ച നിസാമുദ്ദീനെ ഗുരുതരാവസ്ഥയില്‍ കൃത്രിമ ശ്വസനോപകരണങ്ങളോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതിനോടകം മൂന്ന് ലക്ഷത്തിലധികം റിയാല്‍ ആശുപത്രിയില്‍ ചെലവ് വന്നു. ജോലി ചെയ്തിരുന്ന സ്ഥാപനവും കൈയൊഴിഞ്ഞു.
ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ഭാര്യ സറീനയും ബന്ധുക്കളും കേരളാ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. കൗണ്‍സില്‍ ഓഫ് കോപ്പറേറ്റീവ് ഹെല്‍ത് ഇന്‍ഷുറന്‍സിന് പരാതി നല്‍കിയതിയനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിയോട് ചികിത്സ ചെലവ് വഹിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
വിദഗ്ധ ചികിത്സക്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കഴിഞ്ഞയാഴ്ച മാറ്റിയെങ്കിലും രോഗാവസ്ഥയില്‍ മാറ്റമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് ബന്ധുക്കളുടെ താല്‍പര്യ പ്രകാരമാണ് നാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്.
ഐ.സി.യു സംവിധാനങ്ങള്‍ ഉള്‍പ്പടെ സജ്ജമായ എയര്‍ ആംബുലന്‍സില്‍ വിമാന ജീവനക്കാരെ കൂടാതെ ഡോക്ടര്‍, നഴ്‌സ് എന്നിവരുടെ സേവനവും ലഭ്യമാണ്. തുര്‍ക്കിയുടെ എയര്‍ ആംബുലന്‍സ് ദുബൈയില്‍നിന്ന് കമ്പനി വരുത്തുകയായിരുന്നു. കെ.എം.സി.സി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് എയര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയത്. ഭാര്യയും മൂന്ന് കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് നിസാമുദ്ദീന്‍. നാട്ടിലെ തുടര്‍ ചികിത്സക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."