ഹജ്ജ് സര്‍വിസുകള്‍ ഓഗസ്റ്റ് എട്ട് മുതല്‍
കൊണ്ടോട്ടി: നെടുമ്പാശ്ശേരിയില്‍ നിന്ന് ഓഗസ്റ്റ് എട്ട് മുതല്‍ ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കും. 450 തീര്‍ഥാടകരുമായി നേരിട്ട് ജിദ്ദയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് വിമാനങ്ങള്‍ ക്രമീകരിക്കുക.
മടക്കം മദീന വഴിയായിരിക്കും. ദിവസേന ഒന്നിലധികം സര്‍വിസുകള്‍ ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 5 വരെയായിരിക്കും മടക്ക സര്‍വിസുകള്‍. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നായി 11,580 പേര്‍ക്കാണ് വിമാനത്തില്‍ സീറ്റ് അനുവദിച്ചിരിക്കുന്നത്. സൗദി സര്‍ക്കാരിന്റെ അംഗീകാരത്തിന് അനുസരിച്ചായിരിക്കും അന്തിമ വിമാന സമയ ഷെഡ്യൂള്‍ പുറത്തിറക്കുക.
നെടുമ്പാശ്ശേരി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ ഇത്തവണ സഊദി എയര്‍ലൈന്‍സ് സര്‍വിസ് നടത്തും. ശേഷിക്കുന്ന 14 ഇടങ്ങളില്‍ എയര്‍ ഇന്ത്യ, നാസ് എയര്‍, ജെറ്റ് എന്നീ കമ്പനികളാണ് സര്‍വിസ് നടത്തുക.
ഇന്ത്യയില്‍ നിന്ന് ഹജ്ജ് വിമാനങ്ങള്‍ രണ്ട് ഷെഡ്യൂളുകളിലായി ജിദ്ദയിലേക്കും മദീനയിലേക്കും പുറപ്പെടും. എട്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് മദീനയിലേക്കും 13 ഇടങ്ങളില്‍ നിന്ന് ജിദ്ദയിലേക്കുമാണ് സര്‍വിസ്. കേരളം രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടതിനാലാണ് ജിദ്ദയിലേക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുന്നത്. ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 24 മുതല്‍ സര്‍വിസ് ആരംഭിക്കും.
കേരളത്തില്‍ നിന്ന് ഈ വര്‍ഷം 10,820 പേര്‍ക്ക് നേരിട്ട് ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന മുറയ്ക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."