കൃഷ്ണഗിരി കീഴടക്കാന്‍ വസീം ജാഫറെത്തി
#നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ മുടിചൂടാ മന്നനാണ് വസീം ജാഫറെന്ന വിദര്‍ഭയുടെ വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍. ആഭ്യന്തര ലീഗില്‍ ഇത്രയധികം റെക്കോര്‍ഡുകള്‍ സ്വന്തം പേരിലുള്ള മറ്റൊരു ക്രിക്കറ്ററെ കാണാനിടയില്ല. ഏറ്റവും കൂടുതല്‍ രഞ്ജി മത്സരങ്ങളില്‍ പാഡണിഞ്ഞ താരം, ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരം, ആഭ്യന്തര ക്രിക്കറ്റില്‍ 19,000 റണ്ണിന് മുകളില്‍ നേടിയ താരം, രഞ്ജിയില്‍ 10,000ന് മുകളില്‍ റണ്‍ നേടിയ ഏകതാരം, മുംബൈക്കായി ആദ്യ ട്രിപ്പിള്‍ സെഞ്ചുറി കണ്ടെത്തിയ താരം അതും തന്റെ രണ്ടാം രഞ്ജി മത്സരത്തില്‍, ആഭ്യന്തര ക്രിക്കറ്റില്‍ 57 സെഞ്ചുറികള്‍ നേടിയ താരം, 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള താരം. അങ്ങിനെ നീണ്ടുപോകുകയാണ് ഈ ബാറ്റ്‌സ്മാന്റെ വിശേഷണങ്ങള്‍.
ഒപ്പം മുന്‍ നായകന്‍ അസ്ഹറുദ്ദീനെ ബാറ്റിങില്‍ പകര്‍ത്താന്‍ ശ്രമിച്ച താരമെന്ന വിശേഷണവും. ഒരു കണക്കിന് പറഞ്ഞാല്‍ രഞ്ജിയുടെ രാജകുമാരനാണ് വസീം ജാഫര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗോള്‍ഡന്‍ ഇറയില്‍ പിറന്നത് കൊണ്ട് മാത്രം രാജ്യത്തിന്റെ കുപ്പായം കൂടുതല്‍ തവണ അണിയാന്‍ കഴിഞ്ഞില്ലെന്ന നിര്‍ഭാഗ്യം പിന്തുടര്‍ന്നപ്പോഴും ആഭ്യന്തര ലീഗുകളില്‍ അയാള്‍ വീറോടെ തിളങ്ങിനിന്നു. നിരവധി തവണ രഞ്ജിയില്‍ മുത്തമിട്ട മുംബൈ ടീമിന്റെ നട്ടെല്ലായിരുന്ന ജാഫര്‍ കഴിഞ്ഞ തവണ വിദര്‍ഭ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അവിടെയും നിര്‍ണായക സ്വാധീനമായി നിലയുറപ്പിച്ചു. ഇങ്ങിനെ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ രഞ്ജിയിലെ സച്ചിനായ വസീം ജാഫര്‍ 24മുതല്‍ കൃഷ്ണഗിരിയുടെ പുല്‍ത്തട്ടില്‍ കേരളത്തിന്റെ ബൗളര്‍മാരെ പരീക്ഷിക്കാനായി പാഡ് കെട്ടും. പൊതുവെ സീമര്‍മാരെ തുണക്കുന്ന പിച്ചാണ് കൃഷ്ണഗിരിയിലേതെങ്കിലും വസീംജാഫറിനെ പോലുള്ള പ്രതിഭാധനനായ ക്രിക്കറ്റര്‍ക്ക് ഇവിടെയും റണ്‍ കണ്ടെത്താന്‍ പഞ്ഞമുണ്ടാവില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം. സീമര്‍മാരെ തുണക്കുന്ന വിദേശ പിച്ചുകളിലെ അദ്ദേഹത്തിന്റെ പ്രടനത്തെയാണ് അവര്‍ ഇതിന് ഉദാഹരണമായി കാണിക്കുന്നത്. ഇംഗ്ലണ്ടിലെ വിവിധ ലീഗുകളിലെ ക്ലബുകള്‍ക്കായി പാഡണിഞ്ഞിട്ടുള്ള വസീം ജാഫറിന്റെ പ്രകടനവും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്‌കെല്‍മാന്‍തോര്‍പ് ക്ലബിനായി 2010ല്‍ പാഡണിഞ്ഞ വസീം കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ കളിക്കാരനായി.
2013ല്‍ ലണ്ടന്‍ ക്രിക്കറ്റ് ലീഗില്‍ 97.93 ശരാരശരിയിലായിരുന്നു വസീമിന്റെ ബാറ്റിങ്. ലീഗിന്റെ പാതി പിന്നിട്ടപ്പോള്‍ കാല്‍മുട്ടിനേറ്റ പരുക്ക് തിരിച്ചടിയായിരുന്നില്ലെങ്കില്‍ മറ്റൊരു അവിശ്വസനീയ റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിക്കാന്‍ വസീമിനാകുമെന്നാണ് ഇവരുടെ അഭിപ്രായം. നിലവില്‍ ഈ രഞ്ജിയിലും റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ വസീം ജാഫറാണ്. 41 പിന്നിട്ടിട്ടും പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ക്രീസില്‍ നില്‍ക്കുന്ന വസീംജാഫര്‍ മലമുകളിലെ പുല്‍ത്തട്ടില്‍ ബാറ്റ്‌കൊണ്ട് വിസ്മയം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."