വിവാദ റിപ്പോര്‍ട്ട് അസം സര്‍ക്കാരിന് കൈമാറി
ന്യൂഡല്‍ഹി: അസമില്‍ 1951 മുന്‍പുള്ള താമസരേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് മാത്രം പൗരനെന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ ഉന്നതതല സമിതി റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറി.
റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ സമിതി താല്‍പര്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം റിപോര്‍ട്ട് ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. ഇതിനായി അപേക്ഷ നല്‍കിയെങ്കിലും കൂടികാഴ്ച അനുവദിക്കാന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ഇതുവരെ തയാറായില്ല. റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന നിലപാടിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ അത് പൗരത്വപ്പട്ടികയേക്കാള്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അസം പൗരത്വപ്പട്ടിക തയാറാക്കിയത് 1971 മാര്‍ച്ച് 24ന് മുന്‍പ് അസമിലുള്ളവരെല്ലാം പൗരന്‍മാരാണെന്ന് കണക്കാക്കിയാണ്. ഇതിന് പകരം 1951 അടിസ്ഥാനമാക്കുന്നത് നിലവില്‍ പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെട്ട നിരവധി പേരെ പൗരത്വത്തിന് പുറത്താക്കും. ഗുവാഹത്തി ഹൈക്കോടതി മുന്‍ ജഡ്ജി ബി.കെ ശര്‍മ്മയാണ് സമിതിയുടെ അധ്യക്ഷന്‍.
ശുപാര്‍ശകളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യോജിച്ച നിലപാട് കൈക്കൊണ്ടിട്ടില്ല. 1951 അടിസ്ഥാനമാക്കേണ്ടതില്ലെന്നും പകരം ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അസമിലേയ്ക്കും വ്യാപിപ്പിക്കാമെന്നുമുള്ള നിലപാടാണ് ഒരു വിഭാഗത്തിനുള്ളത്.
സംസ്ഥാനത്ത് പൂര്‍ണമായും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശയിലുള്ളത്. അങ്ങനെ വന്നാല്‍ പൗരത്വപ്പട്ടികയില്‍ നിന്നു പുറത്താകുകയും പൗരത്വഭേദഗതി നിയമപ്രകാരം പുതുതായി പൗരത്വം നേടുകയും ചെയ്യുന്നവര്‍ക്ക് അസമില്‍ താമസിക്കാന്‍ കഴിയില്ല. 1985ലെ അസം കരാറിലെ ആറാം വകുപ്പ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമിതിയെ നിയോഗിച്ചത്. ഈ വകുപ്പ് അവ്യക്തമാണെന്ന ആക്ഷേപം ആള്‍ അസം സ്റ്റുഡന്‍സ് യൂനിയന്‍ പോലുള്ള സംഘടനകള്‍ ഉയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."