റോഡ് നവീകരണം: മാനന്തവാടി മണ്ഡലത്തിന് 15 കോടി അനുവദിച്ചു
മാനന്തവാടി: മണ്ഡലത്തിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും 15 കോടി രൂപ അനുവദിച്ചു.
കാട്ടിക്കുളം-പനവല്ലി-സര്‍വാണി തിരുനെല്ലി അമ്പലം റോഡാണ് ഈ തുക ഉപയോഗിച്ച് നവീകരിക്കുക. കാട്ടിക്കുളം മുതല്‍ തിരുനെല്ലി അമ്പലം വരെയുള്ള 13 കിലോമീറ്റര്‍ ദൂരമാണ് ഈ തുക ഉപയോഗിച്ച് നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുക.
റോഡ് കലുങ്കുകളുടെ നിര്‍മാണം, റോഡ് വീതി കൂട്ടല്‍, ഡി.എം ആന്‍ഡ് ഡി.സി നിലവാരത്തിലേക്ക് റോഡ് ഉയര്‍ത്തുക എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. വനമേഖല ഒഴിവാക്കി പൂര്‍ണമായും ജനവാസമേഖലയിലൂടെയാണ് റോഡ് നിര്‍മാണം നടക്കുക. ഈ റോഡ് പൂര്‍ത്തിയായാല്‍ തിരുനെല്ലി അമ്പലത്തിലേക്ക് എളുപ്പത്തില്‍ എത്താവുന്ന വഴിയായി ഇത് മാറും. ജില്ലയിലെ തീര്‍ഥാടന ടൂറിസം മേഖലക്ക് ഇത് മുതല്‍ക്കൂട്ടാവും. മാത്രവുമല്ല തിരുനെല്ലി അമ്പലത്തില്‍ നടക്കാറുള്ള കര്‍ക്കിട വാവുബലി സമയങ്ങളിലെ വന്‍ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ പരിഹരിക്കാനുമാകും. കഴിഞ്ഞ ദിവസം മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു, നാഷനല്‍ ഹൈവേ വിഭാഗം ഉദ്യോഗസ്ഥര്‍, ജനപ്രതിനിധകള്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥല പരിശോധന നടത്തുകയും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നാഷണല്‍ ഹൈവേ വിഭാഗം ഉദ്യോഗസ്ഥര്‍ ഈ റോഡിന്റെ സാങ്കേതികാനുമതിക്കു വേണ്ടിയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കുമെന്നും മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."