ബി.ജെ.പിക്കെതിരേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍
ഗുവാഹത്തി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷം. പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ ശക്തമായ ജനവികാരമായി മാറിയേക്കുമെന്ന് ആശങ്കയും ഇതിനിടയില്‍ ശക്തമായത് പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 10 രാഷ്ട്രീയ പാര്‍ട്ടികളും എന്‍.ഡി.എ ഘടക കക്ഷിയായ ജെ.ഡി.യുവുമാണ് ബില്ലിനെതിരായ പ്രതിഷേധം ശക്തമാക്കിയത്.
ഇന്നലെ ഗുവാഹത്തിയില്‍ ചേര്‍ന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളും ജെ.ഡി.യുവും പൗരത്വ ഭേദഗതി ബില്ലിനെതിരേ ഏകകണ്ഠമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ അറിയിച്ചു.
കോണ്‍റാഡ് സാങ്മയുടെയും അസം ഗണപരിഷത്ത് അധ്യക്ഷന്‍ അതുല്‍ ബോറയുടെയും നേതൃത്വത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗുവാഹത്തിയില്‍ യോഗം ചേര്‍ന്നത്. രാഷ്ട്രീയ ലക്ഷ്യം വച്ചല്ല, മറിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ബില്ലിനെ എതിര്‍ക്കുന്നതെന്ന് സാങ്മ പറഞ്ഞു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാതെ കേന്ദ്രം പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഈ സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായാണ് ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ ഭയപ്പെടുത്തുന്നതും ദ്രോഹിക്കുന്നതുമായ ഒന്നാണ് ദേശീയ പൗരത്വ ഭേദഗതി ബില്ലെന്ന് മിസോറം മുഖ്യമന്ത്രി സോറംതാങ്ക അഭിപ്രായപ്പെട്ടു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായി യോഗം ചേര്‍ന്ന് ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചത് ചരിത്ര സംഭവമെന്നാണ് അസം ഗണപരിഷത്ത് അധ്യക്ഷന്‍ അതുല്‍ ബോറ അഭിപ്രായപ്പെട്ടത്.
മിസോ നാഷനല്‍ ഫ്രണ്ട്(എം.എന്‍.എഫ്), യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി(യു.ഡി.പി), അസം ഗണപരിഷത്ത്(എ.ജി.പി), നാഗാ പീപ്പിള്‍സ് ഫ്രണ്ട്(എന്‍.പി.എഫ്), നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി), നാഷനല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി( എന്‍.ഡി.പി.പി), ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച്. എസ്.പി.ഡി.പി), ഇന്‍ഡീജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐ.പി.എഫ്.ടി), പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട്(പി.ഡി.എഫ്), ജെ.ഡി.യു തുടങ്ങിയ പാര്‍ട്ടികളാണ് പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്.
അതേസമയം ബില്ലിനെതിരായ പ്രതിഷേധം ശക്തമായാല്‍ അത് പൊതു തെരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വികാരമായി ഉയരുമെന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്താകമാനം ബി.ജെ.പിയുടെ സ്വാധീനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം വച്ച് പാര്‍ട്ടി നേതൃത്വം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമം ശക്തമാക്കിയിരിക്കെയാണ് ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം രൂക്ഷമായത്. ലോക്‌സഭയിലേക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് 24 സീറ്റുകളാണ് ഉള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ വലിയ പ്രതിസന്ധിയായിരിക്കും ഉണ്ടാക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്‍.ഡി.എ ഘടക കക്ഷിയായ അസം ഗണപരിഷത്ത് നേരത്തെ തന്നെ മുന്നണി വിട്ടത് ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്. ജെ.ഡി.യുവും രംഗത്തെത്തിയതോടെ ബില്ല് ബി.ജെ.പിയെ വെട്ടിലാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."