പയ്യനാട്ടെ കളി കാണാനിരിക്കുന്നതേയുള്ളൂ...
എന്‍.സി ഷെരീഫ്
മഞ്ചേരി: ഒടുവില്‍ പയ്യനാട് രാജ്യാന്തര സ്റ്റേഡിയത്തിന് അധികൃതരുടെ പരിഗണന. സ്റ്റേഡിയം കാടുമൂടി നശിക്കുമ്പോഴും ഭരണകര്‍ത്താക്കളുടെ ഭാഗത്തനിന്നുണ്ടായ നിസംഗതയ്‌ക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നതോടെയാണ് രണ്ടാംഘട്ട വികസന പ്രവൃത്തികള്‍ക്കു ജീവന്‍വച്ചത്. പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആന്‍ഡ് ഫുട്‌ബോള്‍ അക്കാദമി അടുത്ത മാസം തുറക്കുമെന്നാണ് വിവരം.
രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തില്‍ ഫ്‌ലഡ്‌ലിറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഒരു മാസത്തിനകം നിര്‍മാണം തുടങ്ങുമെന്നാണ് ഔദ്യോഗിക വിശദീകരണം. ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക ഫ്‌ളഡ്‌ലിറ്റുകളാണ് സ്ഥാപിക്കുന്നത്. നാലു തൂണുകളിലായി 1,200 വെര്‍ട്ടിക്കല്‍ ലക്‌സസ് പ്രകാശതീവ്രതയുള്ള ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. വെളിച്ചത്തിനു സ്ഥിരമായി സംവിധാനമൊരുങ്ങുന്നതോടെ പ്രധാന പോരായ്മയ്ക്കു പരിഹാരമാകും. ഇതോടെ സ്റ്റേഡിയം ദേശീയ മത്സരങ്ങള്‍ക്കു വേദിയാകുമെന്നാണ് പ്രതീക്ഷ.
സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് കം ഫുട്‌ബോള്‍ അക്കാദമി എന്ന പേരില്‍ തുടങ്ങിയ പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. പുല്ല് പിടിപ്പിക്കുന്ന പ്രവൃത്തികളും നടക്കും. ജില്ലാ നിര്‍മിതി കേന്ദ്രയാണ് പുല്ല് പിടിപ്പിക്കുക. ഇതിനായി 20 ലക്ഷം അനുവദിച്ചു. മൈതാനത്തെ പുല്ല് നയ്ക്കാനുള്ള വെള്ളത്തിനു ജനകീയ പങ്കാളിത്തത്തോടെ പുഴങ്കാവ് കടലുണ്ടിപ്പുഴയില്‍ താല്‍ക്കാലിക തടയണയുണ്ടാക്കും. ഒന്നാം ഘട്ടത്തില്‍ നിര്‍മിച്ച സ്‌പോര്‍ട്‌സ് അക്കാദമി കെട്ടിടങ്ങള്‍ക്കു പുറമേ, ജംപിങ് പിച്ച്, ബാസ്‌കറ്റ് ബോള്‍, കബഡി, അത്‌ലറ്റിക്‌സ് കോര്‍ട്ടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.
സ്റ്റേഡിയത്തെ അവഗണിക്കുന്നതു നേരത്തെ സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. രണ്ടാംഘട്ട വികസനം പൂര്‍ത്തിയാക്കാന്‍ 60 കോടിരൂപയുടെ പദ്ധതിക്കു ഭരണാനുമതി ലഭിച്ചിട്ടു മാസങ്ങളായെങ്കിലും ഇപ്പോഴാണ് പ്രവൃത്തി തുടങ്ങാനായത്. സ്ഥിരം ഫ്‌ളഡ്‌ലിറ്റ് സ്ഥാപിക്കാനുള്ള നാലര കോടിയുടെ പദ്ധതിക്കും മുന്‍പു സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. അന്താരാഷ്ട്ര നിലവാരത്തോടെ സിന്തറ്റിക് ട്രാക്ക്, ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍ കുളം, ഹോക്കി മൈതാനം, പരിശീലന മൈതാനങ്ങള്‍, വിശ്രമ മുറികളിലെ സൗകര്യം വര്‍ധിപ്പിക്കല്‍ എന്നിവയ്ക്ക് 60 കോടി രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പ്രവൃത്തികള്‍ മന്ദഗതിയിലായിരുന്നു.
ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായതും വോളിബോള്‍ കോര്‍ട്ടിന്റെ പ്രവൃത്തി പുരോഗമിക്കുന്നതും പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഇരു ഭാഗങ്ങളിമുള്ള ഗാലറികളുടെ നിര്‍മാണത്തിനു പ്രാഥമിക നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് പാര്‍ക്കും ഒരുക്കുന്നതോടെ മലബാറിലെ ആദ്യത്തേതും സംസ്ഥാനത്തെ രണ്ടാമത്തേതുമായ സ്‌പോര്‍ട്‌സ് പാര്‍ക്ക് പയ്യനാട് ആകുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷയോടെയാണ് ജില്ലയിലെ കായിക പ്രേമികള്‍ സ്വീകരിച്ചിരുന്നതെങ്കിലും പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന നടപടികളാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."