ആഴ്‌സണലിനെ ഇരുപാദ പ്രീ ക്വാര്‍ട്ടറിലുമായി 10-2 ന് വീഴ്ത്തി
ലണ്ടന്‍: അക്ഷരാര്‍ഥത്തില്‍ ഏകപക്ഷീയമായ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ആഴ്‌സണലിനെ തകര്‍ത്തപ്പോള്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് നാപ്പോളിയെ പരാജയപ്പെടുത്തി യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇരുപാദങ്ങളിലുമായി 10-2 എന്ന സ്‌കോറിനാണ് ബയേണ്‍ വിജയിച്ചത്. റയല്‍ 6-2 എന്ന സ്‌കോറിനും.
നേരത്തെ സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ 5-1 എന്ന സ്‌കോറിന് ഗണ്ണേഴ്‌സിനെ വീഴ്ത്തിയതിന്റെ ആവേശത്തിലാണ് ലണ്ടനില്‍ ബയേണ്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ആദ്യ പകുതിക്ക് ശേഷം എമിറേറ്റ്‌സ് സ്റ്റേഡിയം കൂട്ടക്കൊലയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ബയേണിന്റെ കൗണ്ടര്‍ അറ്റാക്കിങില്‍ വിരണ്ടു പോയ ഗണ്ണേഴ്‌സ് പൊരുതാന്‍ പോലും തയ്യാറാവാതെയാണ് കീഴടങ്ങിയത്.
മത്സരത്തിനിറങ്ങും മുന്‍പേ കോച്ച് ആഴ്‌സന്‍ വെങര്‍ക്കെതിരേ കടുത്ത പ്രതിഷേധമാണ് സ്റ്റേഡിയത്തിനകത്തും പുറത്തും അരങ്ങേറിയത്. ടീം തോറ്റു കൊണ്ടിരിക്കുമ്പോഴും കോച്ചിനെ എന്തു കൊണ്ട് മാറ്റുന്നില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. പ്രതീക്ഷകളെ തെറ്റിച്ച് ആദ്യ പകുതിയില്‍ മികച്ച രീതിയിലാണ് ആഴ്‌സണല്‍ കളിച്ചത്. ബയേണിന്റെ ആക്രമണങ്ങളെ മികച്ച രീതിയില്‍ പ്രതിരോധിക്കാനും അതോടൊപ്പം തകര്‍പ്പന്‍ നീക്കങ്ങള്‍ നടത്താനും ടീമിനായി. 20ാം മിനുട്ടില്‍ തിയോ വാല്‍ക്കോട്ട് ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചു. ഗോള്‍ നേടിയതോടെ ആഴ്‌സണല്‍ ആക്രമണം കടുപ്പിച്ചു.
രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറി മറിയുന്നതാണ് കണ്ടത്. ലെവന്റോസ്‌കിയെ ലോറന്റ് കോഷിയെല്‍നി വീഴ്ത്തിയതിന് റഫറി ചുവപ്പു കാര്‍ഡ് നല്‍കി. ഇതോടെ പത്തു പേരായി ഗണ്ണേഴ്‌സ് ചുരുങ്ങി. ഇവിടന്നങ്ങോട്ട് ബയേണ്‍ ഗോള്‍ മഴ പെയ്യിക്കുന്നതിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഫൗളിന് ലഭിച്ച കിക്ക് ലക്ഷ്യത്തിലെത്തിച്ച് ലെവന്‍ഡോസ്‌കി സ്‌കോര്‍ തുല്യതയിലെത്തിയച്ചു. 68ാം മിനുട്ടില്‍ ആര്യന്‍ റോബന് ടീമിന് ലീഡ് സമ്മാനിച്ചു. ഡഗ്ലസ് കോസ്റ്റ മൂന്നാം ഗോളും ആര്‍തുറോ വിദാലും ശേഷിച്ച രണ്ടു ഗോളുകളും സ്വന്തമാക്കിയതോടെ ആഴ്‌സണല്‍ നാണം കെട്ട തോല്‍വി സ്വന്തമാക്കുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഗണ്ണേഴ്‌സ് തുടര്‍ച്ചയായ ഏഴാം തവണയാണ് പുറത്താവുന്നത്.
റയലിനെതിരേ ഡ്രയസ് മെര്‍ട്ടന്‍സ് നായകനും വില്ലനുമായ മത്സരത്തിലാണ് നാപ്പോളി തോല്‍വിയോടെ പുറത്തായത്. എവേ ഗോളിന്റെ മുന്‍തൂക്കമുണ്ടായിരുന്ന മത്സരത്തില്‍ മെര്‍ട്ടന്‍സിലൂടെ 24ാം മിനുട്ടില്‍ നാപ്പോളി മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സ്വന്തം തട്ടകത്തില്‍ കളി കൈവിട്ടു പോകുന്ന നോക്കി നില്‍ക്കേണ്ടി വന്നു ടീമിന്. സെര്‍ജിയോ റാമോസ് 51ാം മിനുട്ടില്‍ നേടിയ ഗോളില്‍ റയല്‍ നിര്‍ണായകമായ സമനില ഗോള്‍ നേടി.
തിരിച്ചടിക്കാന്‍ നാപ്പോളി ശ്രമങ്ങള്‍ നടത്തുന്നതിനിടെ മെര്‍ട്ടന്‍സിന്റെ സെല്‍ഫ് ഗോള്‍ അവരുടെ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു. കളിയുടെ അവസാന സമയത്ത് ആല്‍വാരോ മൊറാറ്റ ശേഷിച്ച ഗോള്‍ നേടി റയലിന്റെ പട്ടിക പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."