കാര്‍ഷിക സെന്‍സസ് നടപടികള്‍ക്ക് തുടക്കമായി
കോഴിക്കോട്: രാജ്യത്തെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരശേഖരണത്തിന്റെ ഭാഗമായുള്ള 10ാമത് കാര്‍ഷിക സെന്‍സസ് നടപടികള്‍ ആരംഭിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ(എഫ്.എ.ഒ) നിര്‍ദേശപ്രകാരം ലോകവ്യാപകമായി നടക്കുന്ന സെന്‍സസിന്റെ ഭാഗമായാണിത്. 2015-16 അടിസ്ഥാന വര്‍ഷമായി നടത്തുന്ന സെന്‍സസിന്റെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ജൂലൈയില്‍ തുടങ്ങും. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനാണ് സെന്‍സസിന്റെ ചുമതല. ഇതിന്റെ ഏകോപനത്തിനായി എല്ലാ ജില്ലകളിലും ജില്ലാ കലക്ടര്‍ ചെയര്‍മാനും ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറുമായി കോര്‍ഡിനേഷന്‍ കമ്മിറ്റിയും നിലവില്‍വന്നു. രാജ്യത്തെ കാര്‍ഷിക മേഖലയുടെ അടിത്തറയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളാണ് സെന്‍സസിലൂടെ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുക.
മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന സെന്‍സസില്‍ കൃഷിഭൂമിയുടെ പൂര്‍ണവിവരങ്ങള്‍, അവയുടെ വിനിയോഗം, ഉടമസ്ഥത, ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍, ജലസേചനം, വളം, കീടനാശിനി എന്നിവയുടെ ഉപയോഗം, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തും. കാര്‍ഷിക രംഗത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്തി പുതിയ കാര്‍ഷിക നയം രൂപീകരിക്കുന്നതില്‍ ഈ വിവരങ്ങള്‍ നിര്‍ണായകമാവും. ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് ഭൂകൈവശാനുഭവക്കാരുടെ സാമൂഹ്യവിഭാഗം തിരിച്ചുള്ള വിവരങ്ങളും സ്ഥാപനങ്ങളുടെ ഹോള്‍ഡിങുകളെ സംബന്ധിച്ച വിശദാംശങ്ങളും സ്വരൂപിക്കും. രണ്ടാംഘട്ടത്തില്‍ കൈവശാനുഭവ ഭൂമിയിലെ കാര്‍ഷിക വിളകള്‍, ജലസേചന സംവിധാനങ്ങള്‍ തുടങ്ങിയവയാണ് പഠനവിധേയമാക്കുക. മൂന്നാംഘട്ടത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി വേണ്ടിവരുന്ന ഘടകങ്ങളുടെ (ഇന്‍പുട്ട്) വിശദമായ വിവരങ്ങളാണ് ശേഖരിക്കുക. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."