സ്വകാര്യ കമ്പനിയുടെ ജലചൂഷണം: നിയമസഭയില്‍ വി.എസിന്റെ സബ്മിഷന്‍
പാലക്കാട്: പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ശീതളപാനീയ കമ്പനി നടത്തുന്ന ജലചൂഷണം മൂലം മണ്ഡലത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി കാണിച്ച് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ.യുമായ വി.എസ്. അച്ചുതാനന്ദന്‍ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വരള്‍ച്ചാബാധിത പ്രദേശമായ ജില്ലയിലെ ഭൂഗര്‍ഭജല ലഭ്യത ദിനംപ്രതി കുറഞ്ഞുവരുന്ന മേഖലയാണ് മലമ്പുഴ. പുതുശ്ശേരി, എലപ്പുള്ളി, മരുതറോഡ്, വാളയാര്‍ പ്രദേശങ്ങളില്‍ കുടിവെള്ള ലഭ്യത കുറവായതിനാല്‍ നിലവില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തിച്ചുവരുകയാണ്. വരള്‍ച്ച രൂക്ഷമായതിനാല്‍ വെള്ളമെടുക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയെങ്കിലും കമ്പനി മാനേജ്‌മെന്റ് ജലമൂറ്റുന്നത് നിര്‍ത്തിയിട്ടില്ലെന്നും സബ്മിഷനില്‍ പറയുന്നു.
പുതുശ്ശേരി, കഞ്ചിക്കോട്, എലപ്പുള്ളി, വാളയാര്‍ മേഖലയിലെ മുഴുവന്‍ ജലസ്രോതസുകളും വറ്റി. കര്‍ഷകര്‍, കന്നുകാലി വളര്‍ത്തല്‍ ഉപേക്ഷിച്ചു.
പാലിന്റെ ലഭ്യത കുറഞ്ഞു വരുന്നതിനാല്‍ ക്ഷീരസഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. വിവിധ മേഖലകളില്‍ വരള്‍ച്ച ഇത്രയും രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.
കമ്പനി പൂട്ടുന്നതിന് ബഹുജന സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരുന്നതായും കമ്പനിയുടെ ജലചൂഷണം തടയാന്‍ നടപടി സ്വീകരിക്കണമെന്നും വി.എസ്. അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."