അതിരു കടന്ന സ്‌നേഹത്തില്‍ ജീവന്റെ നിഴലുണ്ട്; പ്രാര്‍ഥിക്കണം ജീവിതത്തിനായി
അതിര്‍ത്തികള്‍ ഭേതിച്ച സ്‌നേഹത്തിന് രക്തത്തിന്റെ നിറമായിരുന്നു. വിശ്വാസത്തിന്റെ കരുത്തായിരുന്നു. മുംബൈയില്‍നിന്ന് ധാക്കവരെയെത്തിയ സ്‌നേഹം നല്‍കിയത് ജീവിതത്തിലേക്കുള്ള പ്രതീക്ഷയായിരുന്നു.
കഴിഞ്ഞ മെയ് 21 ന് ഒരപകടത്തില്‍പെട്ട് ധാക്കയിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചതായിരുന്നു ഇരുപത്തിയഞ്ചുകാരനായ മുഹമ്മദ് കമറുസ്സമാനെ. ഓപ്പറേഷന്‍ നടത്താന്‍ രക്തം പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് നിസഹായവസ്ഥ മനസിലായത്. വളരെ അപൂര്‍വമായി മാത്രം കിട്ടുന്ന ബോംബെ രക്തഗ്രൂപ്പാണ് മുഹമ്മദ് കമറുസ്സമാന്റേത്.
പിന്നെ അന്വേഷണങ്ങളായി.ബംഗ്ലാദേശിലെ പല രക്തബാങ്കുകളും ഇങ്ങിനെയുള്ളൊരു രക്തഗ്രൂപ്പിനെപറ്റി കേട്ടിട്ടേയില്ല.ഡോക്ടര്‍മാര്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും അന്വേഷിച്ചു.
ഒടുവില്‍ അതിര്‍ത്തി കടന്ന് മുംബൈയില്‍ എത്തി. ഇന്ത്യയില്‍ തന്നെ ആകെ നാനൂറുപേരില്‍ താഴെ മാത്രമാണ് ബോംബെ ഗ്രൂപ്പുകാരുള്ളത്.
മുംബൈയില്‍നിന്ന് നാലുപേരെ കിട്ടി. സ്വപ്‌ന സാവന്ത്, കൃഷ്ണാനന്ദ് കോറി, മേഹുല്‍ ബലേക്കര്‍, പ്രവീണ്‍ ഷിന്റെ.
കഴിഞ്ഞ വ്യാഴാഴ്ച കമറുസ്സമാന്റെ സുഹൃത്ത് എസ്‌കെ തുഹിനൂര്‍ അലം മുംബൈയില്‍ എത്തി രക്തം ശേഖരിച്ച് ധാക്കയിലേക്ക് മടങ്ങി.
ഇന്ന് കമറുസ്സമാന് ശസ്ത്രക്രിയയാണ്. രണ്ടു കൈകളും വലതു കാലും പൊട്ടിയിട്ടുണ്ട്. ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ഡോക്ടര്‍മാര്‍ ശുഭപ്രതീക്ഷയിലാണ്. ഇനി വേണ്ടത് പ്രാര്‍ഥന മാത്രം....അതിരില്ലാത്ത പ്രാര്‍ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."