അപകടക്കെണിയൊരുക്കി പറമ്പില്‍ റോഡ് ജങ്ഷന്‍
മാള: പറമ്പി റോഡില്‍ മിററില്ലാത്തത് വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കൊമ്പടിഞ്ഞൊമാക്കല്‍ കൊടകര ഹൈവേയിലേക്ക് കാരൂര്‍ റോഡില്‍ നിന്ന് പ്രവേശിക്കുന്ന ഭാഗത്തു വലിയ കയറ്റമാണുള്ളത്. കയറ്റം കയറി ഹൈവേ റോഡിലേക്ക് കടക്കുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് ഹൈവേയിലെ ഇരു ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയില്ല. ഇതു കാരണം കയറ്റത്തില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടതായും വരുന്നു. ഇവിടെ മിറര്‍ സ്ഥാപിക്കുകയാണെങ്കില്‍ അപകട സാധ്യത ഒഴിവാക്കാനും ഗതാഗതം സുഗമമാക്കാനും സാധിക്കുമെന്നാണു നാട്ടുകാരുടെ അഭിപ്രായം.
കൂടാതെ പറമ്പിറോഡ് ജങ്ഷനില്‍ നിന്നുള്ള ഇറക്കം ഇറങ്ങി വരുന്നിടത്തുള്ള വലിയ കുഴി ഇരുചക്ര വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായിരിക്കുകയാണ്.
ഇറക്കം ഇറങ്ങി വേഗതയില്‍ വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ടു മറിയാനുള്ള സാധ്യത ഏറെയാണ്. കുഴിയില്‍ വീണ് വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. കനാല്‍ വെള്ളം കുത്തിയൊഴുകിയാണ് ഇവിടെ സ്ഥിരമായി കുഴി രൂപപ്പെടുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കുഴികള്‍ അടച്ചെങ്കിലും ഇപ്പോള്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. സ്ഥിരമായി റോഡ് തകരുന്ന ഈ ഭാഗത്ത് റോഡില്‍ കട്ടവിരിച്ചെങ്കില്‍ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. പറമ്പിറോഡ് മുതല്‍ പോട്ട വരെ റോഡ് വര്‍ഷങ്ങളേറെയായി ശോച്യാവസ്ഥയിലാണ്. റോഡിന്റെ വീതികുറവ് പലപ്പോഴും വാഹനാപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. റോഡിന്റെ പല ഭാഗങ്ങളിലും കുഴികള്‍ നിറഞ്ഞത് കാരണം യാത്ര ദുഷ്‌കരമായിരിക്കുകയുമാണ്. ചാലക്കുടിയിലേക്ക് നിരവധി ബസുകള്‍ ഈവഴി സര്‍വിസ് നടത്തുന്നുണ്ട് . റോഡിനോടുള്ള അധികൃതരുടെ അവഗണനക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."