ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് തിരിച്ചു
ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപകമായതിനെത്തുടര്‍ന്ന് സര്‍വകലാശാലയും ഹോസ്റ്റലും അടച്ചു പൂട്ടിയതോടെ ഡല്‍ഹിയില്‍ കുടുങ്ങിപ്പോയ അറുപതോളം മലയാളി വിദ്യാര്‍ഥികള്‍ അമൃത്‌സര്‍ കൊച്ചുവേളി എക്‌സ്പ്രസില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക കോച്ചില്‍ നാട്ടിലേക്ക് പുറപ്പെട്ടു. ഹരിയാനയിലെ മഹീന്ദ്രഘട്ടിലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ് കുടുങ്ങിപ്പോയത്. ഇതേത്തുടര്‍ന്ന് ഡല്‍ഹി കേരളാ ഹൗസിലെ കേരളാ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്ത് ഇടപെടുകയും റയില്‍വേ മന്ത്രാലയം പ്രത്യേക കോച്ചനുവദിക്കുകയുമായിരുന്നു.
കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള മുന്‍കരുതലുകളുടെ ഭാഗമായി സര്‍വകലാശാല മാര്‍ച്ച് 31 വരെ അടക്കുകയും ഹോസ്റ്റല്‍ മുറികള്‍ ഒഴിയാനുള്ള നിര്‍ദേശം പെട്ടെന്ന് ലഭിക്കുകയും ചെയ്യുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് നാട്ടിലെത്താന്‍ ട്രെയിനില്‍ സീറ്റ് റിസര്‍വേഷന്‍ ലഭ്യമായില്ല. വിവരമറിഞ്ഞതോടെ കേരളാ ഹൗസ് ഇടപെട്ട് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു.
ഇതെത്തുടര്‍ന്നാണ് കോച്ച് അനുവദിച്ചത്. ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണം കേരള ഹൗസില്‍ നിന്നും തയാറാക്കി എത്തിച്ചു കൊടുത്തു.
ജാമിഅ മില്ലിയ, ഡല്‍ഹി സര്‍വകലാശാല തുടങ്ങിയിടങ്ങളില്‍ നിന്നുള്ള പത്തോളം വിദ്യാര്‍ഥികള്‍ക്കും ഇവര്‍ക്കൊപ്പം യാത്രാസൗകര്യം ലഭ്യമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."