സക്കരിയയുടെ ജയില്‍ വാസത്തിന് ഒരു പതിറ്റാണ്ട്
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ വാണിയംപറമ്പത്ത് കോണിയത്ത് സക്കരിയയുടെ ജയില്‍വാസത്തിന് നാളേക്ക് ഒരു പതിറ്റാണ്ട് തികയുന്നു.
2008 ലെ ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയാണെന്നാരോപിച്ചാണ് 2009 ഫെബ്രുവരി 5ന് തിരൂരിലെ മൊബൈല്‍ കടയില്‍നിന്ന് കര്‍ണാടക പൊലിസ് സക്കരിയയെ കൊണ്ടു പോയത്.
സക്കരിയ എന്ത് തെറ്റാണ് ചെയ്തതെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇന്നേവരെ ഉത്തരമില്ലാതെ വിചാരണ തടവുകാരനായി നീണ്ട പത്ത് വര്‍ഷമായി കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ തള്ളപ്പെട്ടിരിക്കുകയാണ് ഈ യുവാവ്.
പതിനെട്ടാം വയസില്‍ വിചാരണ കൂടാതെ ജയിലിലടക്കപ്പെട്ട സക്കരിയ ഇരുപത്തെട്ടാം വയസിലും വിചാരണ തടവുകാരനായി കഴിയുന്നു. പതിനെട്ടു വയസുകാരനെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത പൊലിസിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടുമില്ല.
സാക്ഷി വിസ്താരം പൂര്‍ത്തിയായിട്ടും ജാമ്യവും അന്തിമ വിധിയും ലഭിക്കാതെ ജയിലറയുടെ ഇരുമ്പ് ബന്ധനത്തിലിരിക്കുകയാണ് സക്കരിയ.
സക്കരിയയുടെ മാതാവ് കോണിയത്ത് ബീയുമ്മ തന്റെ മകന്റെ മോചനത്തിനായി പത്ത് വര്‍ഷമായി ഉറക്കമില്ലാതെ പ്രാര്‍ഥിക്കുകയാണ് . എന്നെങ്കിലും ഒരു ദിവസം മകന്‍ പരപ്പനങ്ങാടിയിലെ വീട്ടില്‍ കയറിവരുമെന്ന വിശ്വാസത്തിലാണ് ബീയുമ്മ. ജയില്‍ വാസത്തിനിടയില്‍ രണ്ടു തവണയാണ് സക്കരിയക്ക് ജാമ്യം ലഭിച്ചത്. സഹോദരന്‍ മുഹമ്മദ് ശരീഫിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അതേ സഹോദരന്റെ ആകസ്മികമായ വിയോഗത്തെ തുടര്‍ന്നുമായിരുന്നു ജാമ്യം.
സക്കരിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഫ്രീ സക്കരിയ ആക്ഷന്‍ ഫോറം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനകം നിരവധി പ്രക്ഷോഭ പരിപാടികളും മനുഷ്യാവകാശ സമ്മേളനങ്ങളും നടത്തിക്കഴിഞ്ഞു.
സക്കരിയയുടെ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നാളെ വൈകുന്നേരം 4.30 ന് പരപ്പനങ്ങാടി ടൗണില്‍ 'ഭരണകൂട ഭീകരതയുടെ 10 വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ പ്രതിരോധ സംഗമം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."