പത്താംനിലയില്‍ നിന്നും ചാടി സ്വകാര്യ ബാങ്ക് ജീവനക്കാരന് ജീവനൊടുക്കി
കൊച്ചി: തൊഴിലാളി യൂനിയന്‍ നേതവായ ബാങ്ക് ജീവനക്കാരന് ബാങ്ക് കെട്ടിടത്തിന്റെ പത്താംനിലയില്‍നിന്ന് ചാടി ജീവനൊടുക്കി. പുത്തന്‍കുരിശ് ഐനാമുകള് ഞാട്ട്യാല്വീട്ടില് പരേതനായ സി.കെ ശ്രീധരന്റെ മകന് എന്‍.എസ് ജയന് (52) ആണു മരിച്ചത്. സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരുടെ പ്രബല സംഘടനയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസിന്റെ (എന്‍.സി.ബി.ഇ) ജില്ലാ സെക്രട്ടറിയും സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂനിയന്‍ കേരള സര്‍ക്കിള്‍ സോണ്‍ മൂന്ന് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന ആക്ടിങ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ഇന്നലെ വൈകിട്ട് 4.15നാണ് സംഭവം. എറണാകുളം മറൈന്‍ഡ്രൈവ് ഷണ്മുഖം റോഡിലെ എസ്.ബി.ഐ റീജിയണല്‍ ഓഫിസ് കെട്ടിടത്തിന്റെ ടെറസില്‍ നിന്നാണ് ജയന് താഴേക്ക് ചാടിയത്. ഇതേ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന എസ്.ബി.ഐ റീജിയണല്‍ ബിസിനസ് ഓഫിസിലെ സീനിയര്‍ അസോസിയേറ്റ്സ് ആയിരുന്നു. ഏറ്റവും മേല്‍ത്തട്ടിലുള്ള പത്താംനിലയുടെ ടെറസില്‍ ഷൂസും മൊബൈല്‍ ഫോണും വച്ച ശേഷം ബാങ്കിന്റെയും തൊട്ടടുത്ത ജ്വല്ലറിയുടേയും ഇടയിലെ മതില് ഭാഗത്തേക്കു ചാടുകയായിരുന്നു.
ശബ്ദം കേട്ട് ബാങ്കിലെ സുരക്ഷാ ജീവനക്കാര്‍ എത്തിയപ്പോഴാണു ദേഹം ഛിന്നഭിന്നമായ നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നു പൊലിസ് സ്ഥിരീകരിച്ചു. ചാടുന്നതിനു തൊട്ടുമുമ്പു മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എറണാകുളം സെന്‍ട്രല്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. അമ്മ: പരേതയായ രംഭ. ഭാര്യ: ബിജി. മകന്: അനന്തു (വിദ്യാര്‍ഥി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."