പ്രിയങ്കാ ഗാന്ധിക്കുപിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യയും രാഷ്ട്രീയത്തിലേക്ക്
ഭോപ്പാല്‍: ഏറെനാളായി നിലനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ മുന്‍ കേന്ദ്ര മന്ത്രിയും മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയും കോണ്‍ഗ്രസിലേക്ക്. നേരത്തെ തന്റെ ഭര്‍ത്താവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇറങ്ങിയതല്ലാതെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പൊതുവെ പ്രിയദര്‍ശിനി മൗനം പാലിക്കുകയായിരുന്നു.
എന്നാല്‍ ഇവരുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പ്രദ്യുമന് സിങ് തോമറാണ് ഇന്നലെ വെളിപ്പെടുത്തല്‍ നടത്തിയത്.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പ്രിയങ്കയുടെ സാന്നിധ്യം കരുത്തു പകരുന്നതുപോലെ മധ്യപ്രദേശില്‍ പ്രിയദര്‍ശിനിയുടെ സാന്നിധ്യവും പാര്‍ട്ടിക്ക് ശക്തിയേകുമെന്നും അദ്ദേഹം പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യക്ക് ശക്തമായ വേരോട്ടമുള്ള ലോക്സഭാ മണ്ഡലമാണ് ഗുണ-ശിവ്പുരി മണ്ഡലം. നേരത്തെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് രാജമാതാ വിജയരാജെ സിന്ധ്യ ആയിരുന്നു. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയും പ്രതിനിധീകരിച്ചു.
2002 മുതല്‍ ജ്യോതിരാദിത്യ സിന്ധ്യയാണ് മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. ഇത്തവണ ഗ്വാളിയോര്‍ മണ്ഡലത്തിലേക്ക് ജ്യോതിരാദിത്യ സിന്ധ്യ മാറിയേക്കുമെന്നാണ് സൂചന. ഇങ്ങനെ വന്നാല്‍ ഗുണ-ശിവ്പുരി സീറ്റില്‍ അദ്ദേഹത്തിന്റെ ഭാര്യയായിരിക്കും മത്സരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."