മണ്ഡലംതലത്തില്‍ സമസ്ത മുഅല്ലിം ദഅ്‌വാ സെന്ററുകള്‍ സ്ഥാപിക്കും
മലപ്പുറം: മണ്ഡലംതോറും സമസ്ത മുഅല്ലിം ദഅ്‌വാ സെന്ററുകള്‍ സ്ഥാപിക്കാന്‍ മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സമസ്ത ജില്ലാ-മണ്ഡലം മുശാവറ സംയുക്ത യോഗം തീരുമാനിച്ചു. പ്രാഥമിക മതപഠന കേന്ദ്രമായ മദ്‌റസകളിലെയും മഹല്ലുതലങ്ങളിലെയും ദാഇകളുടെ അപര്യാപ്തതയ്ക്കു പരിഹാരമാകുന്ന രീതിയിലാണ് പദ്ധതി.
പത്താംക്ലാസ് പഠനംകഴിഞ്ഞ പഠിതാക്കളെ തെരഞ്ഞെടുത്ത് നാലു വര്‍ഷത്തെ കോഴ്‌സാണ് ദഅ്‌വാ സെന്ററുകളില്‍ നല്‍കാനുദ്ദേശിക്കുന്നത്. ദര്‍സിനായി പൂര്‍വികര്‍ വഖ്ഫ് ചെയ്തു നടത്തുന്ന പള്ളികളിലും മറ്റും ഈ പദ്ധതി ആരംഭിക്കും. ഇതിന്റെ ഭാഗമായി മണ്ഡലംതലത്തില്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. പ്രഥമ ലീഡേഴ്‌സ് മീറ്റ് 16നു രാവിലെ പത്തിനു ചുങ്കത്തറയില്‍ ചേരും.
സമസ്ത ജില്ലാ-താലൂക്ക്-മണ്ഡലം നേതാക്കള്‍ പങ്കെടുക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. പുത്തനഴി മൊയ്തീന്‍ ഫൈസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹാജി കെ. മമ്മദ് ഫൈസി, ഇ.പി അഹ്മദ്കുട്ടി മുസ്‌ലിയാര്‍, കെ. മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, സി.കെ സുലൈമാന്‍ ലത്വീഫി കോട്ടക്കല്‍, പി. സുലൈമാന്‍ ഫൈസി ചുങ്കത്തറ, അബ്ദുല്‍ ലത്വീഫ് ഫൈസി പാതിരമണ്ണ, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, ഉസ്മാന്‍ ഫൈസി വണ്ടൂര്‍, ഇ.ടി അബ്ദുസ്സലാം ദാരിമി, അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍, മണ്ടോട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."