ഇമ്പിച്ചിബാവ ഭവനപദ്ധതി, പെരുവഴിയിലായത് നൂറിലേറെ കുടുംബങ്ങള്‍
കല്‍പ്പറ്റ: വിധവകളുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ട വിധവകള്‍ ഇപ്പോള്‍ കഴിയുന്നത് നിലയില്ലാ കയത്തില്‍. മാര്‍ച്ച് 31നകം നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പണം തിരിച്ചടക്കേണ്ടി വരുമെന്ന ഭീതിയിലാണ് ഈ പദ്ധതിയിലുള്‍പ്പെട്ട കുടുംബങ്ങള്‍. ന്യൂനപക്ഷ വിധവകള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന ഇമ്പിച്ചിബാവ ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കു വീടെന്ന സ്വപ്നം പൂവണിയണമെങ്കില്‍ ഇനി സുമനസുകള്‍ കനിയണമെന്ന അവസ്ഥയാണ്.
പദ്ധതിയുടെ 80 ശതമാനം മുതല്‍ താഴോട്ടുള്ള ഗഡുക്കള്‍ കൈപറ്റിയവരാണു കുടുംബങ്ങളില്‍ പലരും. എന്നാല്‍ സാമ്പത്തിക പരാധീനതകളും മറ്റു കുടുംബപ്രശ്‌നങ്ങളുംമൂലം പലര്‍ക്കും പദ്ധതി പൂര്‍ത്തീകരിക്കാനായില്ല. ഇതിനിടയിലാണ് ലൈഫ് മിഷന്‍ പദ്ധതി കൂടി കടന്നുവന്നത്. ലൈഫ് മിഷന്‍ വന്നതോടെ മറ്റു ഭവനപദ്ധതികളെല്ലാം സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഇനി ലൈഫ് മിഷനിലൂടെ മാത്രമേ സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്കു ഭവനനിര്‍മാണത്തിനായി സര്‍ക്കാര്‍ ധനസഹായം നല്‍കുകയുള്ളൂ. ഇക്കാരണത്താല്‍ മാര്‍ച്ച് 31നകം ഇമ്പിച്ചിബാവ ഭവനപദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഈ ഗുണഭോക്താക്കള്‍ വാങ്ങിയ തുക മുഴുവന്‍ സര്‍ക്കാരിലേക്കു തിരിച്ചടക്കണമെന്നാണു തീരുമാനം.
സാമ്പത്തിക പരാധീനതകള്‍ കാരണമാണു പല കുടുംബങ്ങളും ഈ പദ്ധതിയുടെ ഭാഗമാവാന്‍ തയാറായത്. ഇത്തരക്കാരാണു പണം തിരിച്ചടക്കല്‍ ഭീഷണി നേരിടുന്നതും. പദ്ധതിയുടെ ഭാഗമായി നിര്‍മാണം തുടങ്ങി തറയില്‍ നില്‍ക്കുന്നതു മുതല്‍ ലിന്റല്‍ പൊക്കത്തില്‍ നിര്‍മാണം പൂര്‍ത്തിയായവ അടക്കമുള്ള വീടുകള്‍ നിലവിലുണ്ട്. ഇനി സുമനസുകള്‍ സാമ്പത്തികമായി കനിഞ്ഞാല്‍ മാത്രമേ ഇവര്‍ രക്ഷപ്പെടൂവെന്നാണ് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നത്.
വയനാട്ടില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി ഗുണഭോക്താക്കളുടെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ സാമ്പത്തികമാണ് ഇവിടെയും പ്രശ്‌നമായി നില്‍ക്കുന്നത്. സന്നദ്ധ സംഘടനകളിലും സുമനസുകളിലും പ്രതീക്ഷയര്‍പ്പിച്ചാണ് ഇവരും നില്‍ക്കുന്നത്.
സംസ്ഥാനത്ത് 200ലധികം വീടുകള്‍ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുണ്ടാവും. വയനാട്ടില്‍ ഇരുപത്തഞ്ചിലധികം വീടുകളാണ് ഈ പദ്ധയില്‍ ഉള്‍പ്പെട്ടു നിര്‍മാണം പൂര്‍ത്തിയാക്കാനുള്ളത്. എന്നാല്‍ ഇതിലെ ഗുണഭോക്താക്കള്‍ക്കു വീട് നിര്‍മാണം പൂര്‍ത്തിയാക്കുകയെന്നതു മരീചിക പോലെയാണ്. ഇതു മനസിലാക്കിയാണു ന്യൂനപക്ഷ ക്ഷേമവകുപ്പ് സന്നദ്ധ സംഘടനകളുടെയും സുമനസുകളുടെയും സഹായം തേടുന്നത്.
ന്യൂനപക്ഷ സമുദായത്തിലെ വിധവകളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായവര്‍ക്കു സര്‍ക്കാര്‍ നടപ്പാക്കിയ പ്രത്യേക പദ്ധതിയാണ് ഇമ്പിച്ചിബാവ ഭവനപദ്ധതി. ഒരു വീടിന് രണ്ടര ലക്ഷം മുതല്‍ നാലുലക്ഷം രൂപവരെയാണു സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നത്. അപേക്ഷകരുടെ പേരില്‍ രണ്ട് സെന്റ് മുതല്‍ 25 സെന്റ് വരെ സ്ഥലമുണ്ടാവണം. മറ്റു സമാന ഏജന്‍സികളില്‍നിന്ന് ഇതിനുമുന്‍പ് ഭവനനിര്‍മാണത്തിനായി ധനസഹായം സ്വീകരിക്കാനും പാടില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനക്കാരിയായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളില്‍ 80 ശതമാനം മുസ്‌ലിം സമുദായത്തിനും ബാക്കി മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമായാണ് മാറ്റിവച്ചത്. ഈ പദ്ധതിയാണ് ലൈഫ്മിഷന്‍ വന്നതോടെ അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."