ആലപ്പുഴ നഗര റോഡ് പദ്ധതി ഉടന്‍ ആരംഭിക്കും
ആലപ്പുഴ: 288 കോടിരൂപ ചെലവഴിച്ച് ആലപ്പുഴ നഗരത്തിന്റെ മുഖച്ഛായ മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ആലപ്പുഴ നഗരറോഡ് നിര്‍മാണ പദ്ധതി ഉടന്‍ ആരംഭിക്കും. പദ്ധതികളുടെ ജോലികള്‍ ഈ മാസം ആരംഭിക്കാന്‍ കഴിയുമെന്ന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.
ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറും പദ്ധതിയുടെ സ്‌പെഷല്‍ ഓഫിസറുമായ എന്‍. പത്മകുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. 46.71 കിലോമീറ്റര്‍ വരുന്ന നഗരത്തിലെ പ്രധാനപ്പെട്ട 22 പി.ഡബ്ല്യു.ഡി റോഡുകളാണ് അത്യാധുനിക രീതിയില്‍ നഗര റോഡ് നിര്‍മാണ പദ്ധതിപ്രകാരം നിര്‍മിക്കുക. ഇതില്‍ പ്രധാനപ്പെട്ട ഒന്‍പതുറോഡുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. സംസ്ഥാന റോഡ് ഫണ്ട് ബോര്‍ഡ് ആണ് റോഡ് നിര്‍മാണത്തിന് നേതൃത്വം നല്‍കുക.
മന്ത്രി ജി. സുധാകരനും മന്ത്രി ടി.എം തോമസ് ഐസക്കും മുന്‍കൈയെടുത്താണ് പദ്ധതി ആലപ്പുഴയില്‍ നടപ്പാക്കുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ കാലതാമസം വരാതെ നടത്തുന്നതിന് കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ഒരു ഓഫിസ് തിരുവമ്പാടിയില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നേരത്തെ നിര്‍വഹിച്ചിരുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബൃഹത്തായ റോഡ് നിര്‍മാണ പദ്ധതിയാണ് ഇതുവഴി ആലപ്പുഴയ്ക്ക് ലഭിക്കുന്നത്. ആന്വിറ്റി മോഡലില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ നിര്‍മിക്കുന്ന റോഡുകള്‍ക്ക് 13 വര്‍ഷത്തെ മെയിന്റനന്‍സ് കാലാവധിയും ഉണ്ട്. രണ്ടുവര്‍ഷമാണ് നിര്‍മാണ കാലാവധി. നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുമെന്നതാണ് ഇതിന്റെ പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."