ആശുപത്രിയിലെത്തിയ വിദേശി ലഹരിഉപയോഗത്തിന്റെ പേരില്‍ പിടിയില്‍
മനാമ: ബഹ്‌റൈനിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വിദേശി മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതരുടെ പിടിയിലായി. തുടര്‍ന്ന് മൂന്നാം ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കപ്പെട്ട പ്രതിക്ക് 6 മാസത്തെ തടവും 500 ദിനാര്‍ പിഴയും കോടതി ചുമത്തി. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടു കടത്താനും കോടതി ഉത്തരവിട്ടുണ്ട്. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം പ്രതിയുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഏഷ്യന്‍ വംശജനാണ് പ്രതി എന്നുമാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.
ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് ഇദ്ദേഹം ചികില്‍സ തേടി സല്‍മാനിയ ആശുപത്രിയിലെത്തിയത്. എന്നാല്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഇദ്ദേഹം മയക്കുമരുന്ന് കഴിച്ചതായി ഡോക്ടര്‍ക്ക് സംശയം തോന്നുകയും രക്ത പരിശോധനയില്‍ മോര്‍ഫിനും ഹഷീഷും കഴിച്ചതായി കണ്ടെത്തുകയുമായിരുന്നു.
ബഹ്‌റൈനില്‍ നിരോധിക്കപ്പെട്ട മയക്കുമരുന്നില്‍ ഉള്‍പ്പെട്ടതായതിനാല്‍ ഇക്കാര്യം ഡോക്ടറും ആശുപത്രി അധികൃതരും ചേര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ അതിവേഗ കോടതിയില്‍ ഹാജരാക്കിയതോടെ ഉടന്‍ വിധി വന്നെങ്കിലും പ്രതിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."