നോമ്പുതുറ സമയമറിയിച്ച സൈറണ് മരണമണി
പാലക്കാട്: നഗരത്തിലെ മുനിസിപ്പില്‍ ബസ്സ്റ്റാന്‍ഡിലുള്ള അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മധ്യാഹ്നസൈറണ് റമദാന്‍ മാസവുമായി വളരെയധികം ബന്ധമുണ്ട്. ഒരുകാലഘട്ടം മുതല്‍ പ്രഭാതത്തിലും പ്രദോഷത്തിലുമെന്നല്ല ഉച്ചവെയിലിന്റെ ഉള്‍പ്പുളകത്തില്‍ നിന്നുവരെ നഗരവാസികളെ സമയമറിയിച്ചിരുന്ന സൈറണ്‍ മരണമണി മുഴങ്ങിയിട്ട് വര്‍ഷങ്ങളായി.
മുനിസിപ്പല്‍ ബസ്്റ്റാന്‍ഡിനേക്കാളും പഴക്കമുള്ള സൈറണ്‍ തുരുമ്പെടുത്ത് കാടുപിടിച്ചുനശിച്ചു ഒപ്പം സമീപത്തെ കണ്‍ട്രോള്‍ റൂമും ജീര്‍ണ്ണിച്ച് നിലം പൊത്താറായി. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഉച്ചഭാഷിണികളുടെയും ഇലക്്‌ട്രോണിക്‌സ് മാധ്യമങ്ങളുടെയും കടന്നുകയറ്റമില്ലാത്ത കാലത്ത് നഗരത്തിന്റെ നാഡിത്തുടിപ്പായിരുന്നു. ദിവസവും രാവിലെ 6നും ഉച്ചയ്ക്ക് 1നും രാത്രി 8 നും സൈറണ്‍ ഒരുമിനിറ്റ് ദൈര്‍ഘ്യത്തില്‍ ശബ്ദം പുറപ്പെടുവിക്കുമായിരുന്നു. ഇതിനായി നഗരസഭ ജീവനക്കാരെയും അക്കാലത്ത് നിയോഗിച്ചിരുന്നു.
സമീപത്തെ മോട്ടുപ്പാളയം മസ്ജിദില്‍ ബാങ്കുവിളിക്കുന്നത് ഉച്ചഭാഷീണിയിലൂടെ പരിസരവാസികള്‍ക്ക് കേള്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ റമദാന്‍ മാസം 30 ദിവസവും നോമ്പുതുറക്കുന്നതിനായി മഗ്‌രിബ് നമസ്‌ക്കാരത്തിന്റെ ബാങ്കുവിളിക്കുമ്പോള്‍ സൈറണ്‍ ഓണ്‍ ചെയ്യുമെന്ന് കല്‍മണ്ഡപം സ്വദേശി ജലീല്‍ ഹാജി പറയുന്നു. ഇതില്‍ നിന്നുമുള്ള ശബ്ദം നഗരത്തിന്റെ പതിനഞ്ചുകിലോമീറ്ററോളം ദൂരത്തില്‍ വരെ അന്നു കേള്‍ക്കുമായിരുന്നു.
സമീപത്തുള്ള സ്‌ക്കുള്‍, ഗവ.ഓഫീസ് മറ്റിതരസ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഇതിന്റെ സമയസൂചിക ഏറെ ഉപകാരപ്രദമായിരുന്നു. നഗരത്തിന്റെ സമയസൂചികകളില്‍ പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ളവയായിരുന്നു മുനിസിപ്പില്‍ സ്റ്റാന്‍ഡിലെ സൈറണും വടക്കന്തറ അമ്പലത്തിലെ ആറേകാലിന്റെ ഈടും വെടിയും. സൈറണിലെ ശബ്ദം നിലച്ചുവെങ്കിലും ഈടുംവെടി മാത്രം തുടരുന്നുണ്ട്. മൊബൈല്‍ ടവറുകളുടെ കടന്നുകയറ്റവും ശബ്ദമലിനീകരണ നിയന്ത്രണങ്ങുമെല്ലാം പതിറ്റാണ്ടിന്റെ പഴക്കമുള്ള സൈറണിന്റെ നാശത്തിനുകാരണമായി. ഓരോ റമദാനും വിശേഷരീതിയില്‍ കടന്നുപോവുമ്പോഴും ഒരു കാലഘട്ടം മുഴുവനും നോമ്പുതുറക്കായി നഗരവാസികളെയെല്ലാം സമയമറിയിച്ച സൈറണ്‍ ഇന്ന് വിശ്വാസികളുടെയെന്നല്ല നഗരത്തിലെത്തുന്നവര്‍ക്കെല്ലാം നോക്കുകുത്തിയായി മാറിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."