തുള്ളല്‍ കലയുടെ പെരുമ പൊലിപ്പിച്ച് മണ്ണഞ്ചേരിയുടെ 'പ്രിയ' ദാസന്‍
മണ്ണഞ്ചേരി: തുള്ളല്‍ കലയുടെ പെരുമ ഉയര്‍ത്തി കേരളക്കരയാകെ നിറഞ്ഞാടുകയാണ് മണ്ണഞ്ചേരി സ്വദേശി ദാസന്‍. കലയുടെ പാരമ്പര്യങ്ങളൊന്നുമില്ലാത്ത സാധാരണ തൊഴിലാളി കുടുംബത്തില്‍ ജനിച്ച മണ്ണഞ്ചേരി ദാസന്‍ തുള്ളല്‍ കലയുടെ കുലപതിയായിരുന്ന തുഞ്ചന്റെ പിന്‍മുറക്കാരില്‍ ഇപ്പോള്‍ പ്രമുഖന്‍ തന്നെ.
1944ല്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ണാട്ടുചിറയില്‍ കയര്‍ തൊഴിലാളിയായിരുന്ന കൃഷ്ണന്റെയും ചീരമ്മയുടെയും മകനായിട്ടാണ് ജനിച്ച ഇദ്ദേഹമാണ് ഇത്തവണ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക പുരസ്‌ക്കാര ജേതാവ്. പട്ടിണിയും പരിവട്ടവും കാരണം ജീവിത ദുരിതപൂര്‍ണമായതോടെ ആറാം തരത്തില്‍ ഈ കലാകാരന് പഠനം അവസാനിപ്പിക്കേണ്ടി വന്നു.
18-ാം വയസില്‍ വീടിനടുത്തുള്ള വായനശാലാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച നാടകത്തില്‍ ഹാസ്യതാരമായി തിളങ്ങിയ ദാസന്‍ അങ്ങനെ മണ്ണഞ്ചേരി ദാസനാകുകയായിരുന്നു.
വിവാഹവും രണ്ട് മക്കളുടെ അച്ഛനായതിനും ശേഷമാണ് ദാസന്‍ തുള്ളല്‍ കലയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. പ്രശസ്ത തുള്ളല്‍ കലാകാരന്‍ മലബാര്‍ രാമന്‍നായരുടെ ശിഷ്യനായ കണിച്ചുകുളങ്ങര വി.കെ ദാമോദരനായിരുന്നു ദാസന്റെ ഗുരു.
കേരളത്തില്‍ അങ്ങോളമിങ്ങോളം ആയിരക്കണക്കിന് വേദികളില്‍ ഓട്ടംതുള്ളല്‍ നടത്തിയിട്ടുള്ള ദാസന്‍ സാമൂഹിക പ്രതിബന്ധതയോടെ കലയെ സ്‌നേഹിക്കുന്നയാളാണ്. ക്ഷേത്രങ്ങളിലെ തുള്ളല്‍ രൂപങ്ങളോടൊപ്പം ബൈബിള്‍ ആസ്പദമാക്കിയുള്ള ഓട്ടംതുള്ളലും അവതരിപ്പിച്ചും ജനശ്രദ്ധനേടി. ടൂറിസം, സാക്ഷരത, സന്താനനിയന്ത്രണം, സ്ത്രീ ശാക്തികരണം, ശിശുപരിപാലനം, പെണ്‍ഭ്രൂണഹത്യ, നേത്രദാനം, ലഹരിവര്‍ജ്ജനം തുടങ്ങിയ സാമൂഹ്യപ്രശ്‌നങ്ങള്‍ തുള്ളല്‍ കലാരൂപമായി ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ ദാസന് സാധിച്ചു.
തുള്ളല്‍ കലാകരന്‍ എന്ന നിലയില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ മണ്ണഞ്ചേരി ദാസനെ തേടിയെത്തിയിട്ടുണ്ട്. ഇത്തവണത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക അവാര്‍ഡിനായി തിരഞ്ഞെടുത്തത് ഈ കലാകാരനേയാണ്. സുജാതയാണ് ഭാര്യ. മക്കള്‍ വാഞ്ചുനാഥ്,വിനിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."