ഇറാഖ് പൊതുതെരഞ്ഞെടുപ്പ് ഇന്ന്
ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഐ.എസിനു മേല്‍ വിജയം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.
പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ ജനഹിത പരിശോധനയായാണു തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാരിനെ ചൂഴ്ന്നുനില്‍ക്കുന്ന അഴിമതി, രാജ്യത്തിനുമേലുള്ള ഇറാന്റെ സ്വാധീനം, നിലവില്‍ അമേരിക്കയില്‍ കഴിയുന്ന യു.എസ് സൈന്യത്തിന്റെ ഭാവി എന്നിവയാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കൂടുതല്‍ ചര്‍ച്ചയായത്.
ആകെ 329 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നായി 7,000ത്തോളം സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. കാര്യമായ അട്ടിമറി സാധ്യതയൊന്നും രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നില്ല.
2003 മുതല്‍ ഇറാഖി രാഷ്ട്രീയം അടക്കിഭരിക്കുന്ന നിലവിലെ ഭരണകക്ഷി ഇസ്‌ലാമിക് ദഅ്‌വ പാര്‍ട്ടി തന്നെ അധികാരം തിരിച്ചുപിടിക്കുമെന്ന് ഏകദേശം ഉറപ്പാണ്.
വീണ്ടും മത്സരരംഗത്തുള്ള ഹൈദര്‍ അല്‍ അബാദിക്കു വെല്ലുവിളിയായി അദ്ദേഹത്തിന്റെ മുന്‍ഗാമി നൂരി അല്‍ മാലികി ഉണ്ടെന്നതാണു ശ്രദ്ധേയം. അതുപോലെ രാജ്യത്തെ ശീഈ ജനവിഭാഗവുമായും സായുധ വിഭാഗവുമായും ശക്തമായ ബന്ധമുള്ള ഫതഹ് സഖ്യവും വലിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.
മുന്‍ ഗതാഗത വകുപ്പു മന്ത്രി ഹാദി അല്‍ അമീരിയാണ് ഫതഹ് നേതാവ്. രാജ്യത്ത് നല്ല ജനകീയ സ്വാധീനമുള്ള മതപണ്ഡിതനായ മുഖ്തദാ അല്‍ സദ്‌റും ഒരു സഖ്യത്തിനു നേതൃത്വം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."