ചക്രക്കസേരയില്‍ നിന്ന് ഫുള്‍ എ പ്ലസിലേക്ക് കുതിച്ച് ശാരിക; സോഫ്റ്റ് വെയര്‍ എന്‍ജിനീയറാവുക സ്വപ്‌നം
മേപ്പയ്യൂര്‍: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കിന്റെ സഹായമില്ലാതെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ജന്മനാ ശരീരം തളര്‍ന്ന് വീല്‍ ചെയറിലായ ശാരിക. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് പ്രവാസിയായ കീഴരിയൂരിലെ എരയിമ്മന്‍ കണ്ടി ശശി രാഗി ദമ്പതികളുടെ മകളായ ശാരിക.
സ്‌ക്രൈബ് ആനുകൂല്യം ഉപയോഗിക്കാതെ ചലനശേഷിയുള്ള തന്റെ ഇടതു കൈ ഉപയോഗിച്ചാണ് ശാരിക പരീക്ഷ എഴുതിയത്. ജന്മനാ തന്നെ സെറിബ്രല്‍ പള്‍സി എന്ന രോഗം ബാധിച്ച ഈ പെണ്‍കുട്ടി ശരീരം തളര്‍ന്ന നിലയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ്, അമൃത മെഡിക്കല്‍ കോളജ്, മണിപ്പാല്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. പരസഹായമില്ലാതെ എഴുന്നേല്‍ക്കാനോ ഒരു താങ്ങില്ലാതെ ഇരിക്കാനോ കഴിയില്ല ശാരികക്ക്. വലതു കൈ പൂര്‍ണമായും തളര്‍ന്നതാണ്. കാലുകള്‍ക്കും ശേഷിയില്ല .ചലനശേഷിയുള്ള ഇടതു കൈ കൊണ്ടാണ് പരീക്ഷ എഴുതിയത്. ഈ കൈ കൊണ്ട് ശാരിക ചിത്രം വരക്കും. വടിവൊത്ത കൈയക്ഷരമാണ് അവളുടേത്. നിഴലുപോലെ അവള്‍ക്കൊപ്പമുള്ള അമ്മ രാഗിയോടൊപ്പം ചെറുപ്പം മുതലേ എന്തിനും, ഏതിനും സഹായവുമായി അവളുടെ കൂട്ടുകാരായ വിഷ്ണുമായ, ഷിയാന ലുലു, അനഘ ശ്രീ എന്നിവരുമുണ്ട്. പ്രൈമറി തലം മുതല്‍ ഒന്നിച്ച് പഠിക്കുന്ന ഇവര്‍ മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഒപ്പമുണ്ടായിരുന്നു.
എല്ലാ ദിവസവും ശാരികയെ എടുത്ത് ഓട്ടോറിക്ഷയില്‍ കീഴരിയൂരില്‍ നിന്ന് സ്‌കൂളിലെത്തിക്കുകയും വൈകീട്ട് തിരിച്ച് കൊണ്ടു പോകുകയും ചെയ്തത് അമ്മ രാഗിയായിരുന്നു. ആ അമ്മയുടെ കരുതലും, സ്‌കൂളിലെ അധ്യാപകരുടെ പിന്തുണയുമാണ് അവളെ സ്വപ്ന വിജയത്തിന് പ്രാപ്തയാക്കിയത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാകണമെന്നാണ് ശാരികയുടെ ആഗ്രഹം. അതിന് ദൂരെയുള്ള കോളജുകളില്‍ പോകാന്‍ അവളുടെ ശാരീരിക അവസ്ഥ അനുവദിക്കില്ല. എങ്കിലും ചേരാന്‍ പറ്റിയ ഒരു സ്ഥാപനത്തിന്റെ തിരച്ചിലിലാണ് ശാരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."