വീടിനു മുകളിലേക്ക് മതിലിടിഞ്ഞു വീണു; ഏഴംഗ കുടുംബത്തെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
തിരുവനന്തപുരം : കനത്ത മഴയില്‍ വീടിനു മുകളിലേക്ക് മതില്‍ ഇടിഞ്ഞു വീണു. വീട്ടിനുള്ളില്‍ കുടുങ്ങിയ പിഞ്ചുകുഞ്ഞടക്കമുള്ള ഏഴംഗ കുടുംബത്തെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സില്‍ കടപ്പത്ര ലൈനിലായിരുന്നു സംഭവം.
വീടിനു മുന്നിലെ പത്തടിയോളം ഉയരമുള്ള മതില്‍ മറിയുകയായിരുന്നു. വീടിന്റെ മുന്‍വാതില്‍ പൂര്‍ണമായും തടസപ്പെടുകയും വീടിനു മുന്നില്‍ കനത്ത വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്തതോടെ വീട്ടുകാര്‍ ഉള്ളില്‍ കുടുങ്ങി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തുന്നതിനിടയില്‍ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഒഴുക്കില്‍പെട്ട് സമീപത്തെ വൈദ്യുതി പോസ്റ്റലിടിച്ചു.
വൈദ്യുതി ലൈന്‍ പൊട്ടി വെള്ളത്തില്‍ വീണു. വൈദ്യുതാഘാത ഭീഷണിയെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സമീപത്തെ വീടിന്റെ മതിലിനു മുകളിലൂടെയാണ് സംഭവ സ്ഥലത്തെത്തി വീട്ടുകാരെ രക്ഷപ്പെടുത്തിയത്. ഇതിനിടയില്‍ കെ.എസ്.ഇ.ബി ജീവനക്കാരുമെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അസി. സ്റ്റേഷന്‍ ഓഫിസര്‍ സുരേഷ്,ലീഡിങ് ഫയര്‍മാന്‍ ടി.ജി ബിജു, ഫയര്‍മാന്‍മാരായ അനില്‍കുമാര്‍,അരുണ്‍, രാഹുല്‍, മിഥുന്‍,ഡ്രൈവര്‍മാരായ ഷിബു, സുദീപ് ടോംസണ്‍, സജി എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."