റെയില്‍വേ എന്ന മഹാത്ഭുതം
'നിങ്ങള്‍ക്ക് റെയില്‍വേയെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ടോ?' ഒരു സ്റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടി ഓടിത്തുടങ്ങിയപ്പോള്‍ ജീവന്‍ മാഷ് ചോദിച്ചു.
'അറിയണം' കുട്ടികള്‍ ഒന്നിച്ചുപറഞ്ഞു. താല്‍പര്യത്തോടെ കേട്ടിരിക്കുന്ന കുട്ടികളുടെ കൗതുകക്കണ്ണുകളില്‍ നോക്കി തുടര്‍ന്നു.
മാഷും അപ്പോള്‍ ആവേശഭരിതനായി. 'ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ നെറ്റ്‌വര്‍ക്കാണ് ഇന്ത്യന്‍ റെയില്‍വേ. വളരെ പ്രൗഢമായ ചരിത്രമുള്ള ഒന്ന്. 1853ല്‍ അതായത് 160ലേറെ കൊല്ലം മുന്‍പ്, ബ്രിട്ടിഷുകാരാണ് ഇന്ത്യയില്‍ റെയില്‍വേ ഗതാഗതം ആരംഭിക്കുന്നത്. അവരുടെ ഭരണപരവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമാണ് ഈ സംവിധാനം ആരംഭിച്ചതും ശക്തിപ്പെടുത്തിയതും. രാജ്യത്ത് ആദ്യമായി തീവണ്ടിയോടിയത് എവിടെ നിന്നാണെന്നറിയാമോ?'
'ബോംബെ-താനെ' ചോദ്യം തീരുംമുന്‍പേ കുട്ടികള്‍ പറഞ്ഞു. അതവര്‍ പാഠപുസ്തകത്തില്‍ നിന്നു പഠിച്ചിട്ടുണ്ടായിരുന്നു.
'ശരിയാണ്, മഹാരാഷ്ട്രയിലെ മുംബൈയ്ക്കും താനെയ്ക്കും ഇടയിലായിരുന്നു രാജ്യത്ത് ആദ്യമായി തീവണ്ടിയോടിയത്. അതിനു ശേഷം പടിപടിയായി വളര്‍ച്ച പ്രാപിച്ചാണ് ഇന്നു കാണുന്ന നിലയിലെത്തിയത്. ബ്രിട്ടിഷുകാരുടെ കാലത്ത് അവരും അതിനു ശേഷം നമ്മുടെ ഗവണ്‍മെന്റുകളും റെയില്‍ വികസനത്തിനായി സ്ഥിരമായ നടപടികള്‍ കൈക്കൊണ്ടു. ലോക മഹായുദ്ധങ്ങളുടെ സമയത്തുണ്ടായ ചെറിയ തളര്‍ച്ച ഒഴിച്ചാല്‍ റെയില്‍വേ എന്നും വളര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു, ഇപ്പോഴും. വിശാലമായ രാജ്യത്തെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമാണ് റെയില്‍വേ. കശ്മിര്‍ മുതല്‍ കന്യാകുമാരി വരെ ചെന്നെത്തുന്ന വിശാലമായ ശൃംഖല. അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ ജീവിതത്തിന്റെ ജീവനാഡി. രാജ്യത്തിന്റെ ഒട്ടുമിക്ക ഇടങ്ങളും റെയില്‍ നെറ്റ്‌വര്‍ക്കിനാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ബാക്കി ഭാഗങ്ങളിലേക്ക് അതു വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
67312 കിലോമീറ്റര്‍ ദൂരമാണ് തീവണ്ടി ഓടുന്ന ആകെ കിലോമീറ്റര്‍. 1,15,000 കിലോമീറ്റര്‍ ആണ് രാജ്യത്തെ റെയില്‍പാളത്തിന്റെ നീളം. 20038 തീവണ്ടികളുണ്ട് രാജ്യത്ത്'.
'20038 തീവണ്ടികളോ?' അലന് അത്ഭുതം അടക്കാന്‍ കഴിഞ്ഞില്ല.
'അതെ. 12617 പാസഞ്ചര്‍ ട്രെയിനുകളും7421 ചരക്കുവണ്ടികളും. അതിപ്പോഴത്തെ എണ്ണമാണ്. അടുത്ത വര്‍ഷമാവുമ്പോഴേക്കും കൂടും. കേട്ടിട്ടില്ലേ. റെയില്‍വേ ബജറ്റില്‍ പുതിയ തീവണ്ടികള്‍ പ്രഖ്യാപിക്കുന്നത്?'
ഉവ്വെന്ന് കുട്ടികള്‍ തലയാട്ടി. 'പക്ഷേ ഇത്രയേറെ തീവണ്ടികള്‍ ഒരേ സമയം ഓടിക്കൊണ്ടിരുന്നിട്ടും ട്രെയിനുകള്‍ പരസ്പരം കൂട്ടിമുട്ടുന്നതും എന്തെങ്കിലും അപകടത്തില്‍പ്പെടുന്നതും അത്യപൂര്‍വമായല്ലേ കേള്‍ക്കാറുള്ളൂ?' മാഷ് ചോദിച്ചു.
'അതെ' കുട്ടികള്‍ സമ്മതിച്ചു. 'അതാണു പറഞ്ഞത്, ആരൊക്കെ കളിയാക്കിയാലും ഒരുപാട് ശ്രദ്ധയും കാര്യക്ഷമതയും റെയില്‍വേ ഇക്കാര്യത്തില്‍ പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടാണ് വീട്ടിലിരിക്കുന്ന സുരക്ഷിതത്വ ബോധത്തോടെ നമുക്കു തീവണ്ടി സഞ്ചാരം സാധ്യമാകുന്നത്'.
'ശരിയാണ് മാഷേ' വിവേക് ഇടയ്ക്ക് കടന്നു പറഞ്ഞു. 'ഒരു ക്ഷീണവും ഇല്ല. വീട്ടിലെ പോലെ തന്നെ ഭക്ഷണവും ഉറക്കവുമെല്ലാം'. അവന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു.
'അതിനൊക്കെ വേണ്ടി, രാപ്പകല്‍ ഭേദമില്ലാതെ പാടുപെടുന്ന അസംഖ്യം മനുഷ്യരുണ്ട്. തീവണ്ടി പാഞ്ഞുപോകുന്ന പാളങ്ങള്‍ ഉറപ്പിക്കുന്ന ട്രാക്ക്മാന്‍ മുതല്‍ അസംഖ്യം മനുഷ്യരുടെ അധ്വാനവും കരുതലും നാം ഓര്‍മിക്കണം.
ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. 14 ലക്ഷത്തിലേറെ പേര്‍ക്ക് അതു നേരിട്ട് തൊഴില്‍ നല്‍കുന്നു. ട്രാക്ക്മാനും സ്റ്റേഷന്‍ മാസ്റ്ററും ലോക്കോ പൈലറ്റും ഉള്‍പ്പെടെ ലക്ഷങ്ങള്‍ ഇന്ത്യയില്‍ റെയില്‍വേയില്‍ ജോലിയെടുക്കുന്നു. അസംഖ്യം പേര്‍ക്ക് നേരിട്ടല്ലാതെ ഉപജീവന മാര്‍ഗവും നല്‍കുന്നു. തീവണ്ടികളില്‍ ഭക്ഷണവും സാധനങ്ങളും വില്‍ക്കുന്നവര്‍ മുതല്‍ പാത നിര്‍മിക്കുന്ന കരാര്‍ തൊഴിലാളികള്‍ വരെ ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗമാണത്.
കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടി റെയില്‍വേയെ 16 സോണുകളായി വിഭജിച്ചിട്ടുണ്ട്. കേരളമുള്‍പ്പെടുന്ന സോണിന്റെ പേരെന്താണെന്നറിയാമോ?' മാഷ് ചോദിച്ചു.
'പാലക്കാട്' ശ്രദ്ധ ഒരു തെറ്റുത്തരം വിളിച്ചു പറഞ്ഞു.
'പാലക്കാട് ഒരു ഡിവിഷനാണ്. സോണല്ല. 68 ഡിവിഷനുകളാണ് ആകെയുള്ളത്. ഓകെ, കേരളം ഏതു സോണില്‍ വരുന്നു എന്ന് നിങ്ങള്‍ കണ്ടുപിടിച്ചോളൂ'. മാഷ് ലളിതമായ ആ ഉത്തരം കണ്ടെത്താനുള്ള ചുമതല കുട്ടികളെത്തന്നെ ഏല്‍പ്പിച്ചു.
'ശരി ഈ യാത്ര തീരും മുന്‍പേ ഞങ്ങള്‍ കണ്ടുപിടിച്ചിരിക്കും അത്'. ഫിദല്‍ വെല്ലുവിളി ഏറ്റെടുത്തു. 'ശരി. എന്നാല്‍ വേറൊരു ചോദ്യം പിടിച്ചോളൂ. കൃത്യമായി വേണ്ട ഏകദേശം ഒരു മറുപടി പറയാന്‍ ശ്രമിക്കൂ. രാജ്യത്ത് എത്ര റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ടാവും?' മാഷ് ചോദിച്ചു. 2500-3000, 4000...? ഉത്തരങ്ങള്‍ വരാന്‍ അമാന്തമൊന്നുമുണ്ടായില്ല.
'ശ്ശെടാ... പിള്ളാരേ ഇതൊന്നും ശരിയുത്തരത്തിന്റെ ഏഴയലത്തു പോലും വരില്ലല്ലോ' ജീവന്‍ മാഷ് ചിരിച്ചു. 'ഒന്നു ശ്രമിക്കുന്നോ' മാഷ് ചിന്തച്ചേച്ചിയെ നോക്കി. '5000, അതില്‍ കൂടില്ല' ചേച്ചിയും ഒരു ഊഹം പറഞ്ഞു. 'ഊഹും' എന്നു തലയിളക്കിയ ശേഷം മാഷ് തന്നെ ശരിയുത്തരം പറഞ്ഞു. 'ചെറുതും വലുതുമായി 7112 സ്റ്റേഷനുകള്‍ ഉണ്ട്'. കുട്ടികള്‍ അത്ഭുതത്തിലിരിക്കേ മാഷ് തുടര്‍ന്നു.
'ഒരു ദിവസം, ഉദ്ദേശം രണ്ടേകാല്‍ കോടി മനുഷ്യരാണ് ശരാശരി തീവണ്ടി മാര്‍ഗേനെ സഞ്ചരിക്കുന്നത്. അതായത് ജനസംഖ്യയിലെ രണ്ടുപേര്‍ എപ്പോഴും ട്രെയിനുകളിലാണെന്ന്!
2014-15ല്‍ 163400 കോടിയാണ് റെയില്‍വേയുടെ വരുമാനം. ഇതില്‍ 10,0000 കോടിയിലേറെ ചരക്കുകടത്തില്‍ നിന്നാണ് വന്നത്!. പോയവര്‍ഷം 1058 മില്ല്യണ്‍ ടണ്‍ ഭാരം ചരക്ക് റെയില്‍മാര്‍ഗം കടത്തിയിട്ടുണ്ട്. പ്രതിദിനം തീവണ്ടിയില്‍ കയറുന്നവരില്‍ പാതിയും സബര്‍ബന്‍ ട്രെയിന്‍ സര്‍വിസ് ഉപയോഗിക്കുന്നവരാണ്. അതായത് മുംബൈയും ചെന്നൈയും പോലുള്ള നഗരങ്ങളിലെ സര്‍വിസ്. ഇക്കൂട്ടത്തില്‍ തന്നെ മുംബൈ നഗര ട്രെയിന്‍ സര്‍വിസ് എടുത്തു പറയണം. ഒരതിശയമാണിത് !' ആ യാത്രാനുഭവത്തിന്റെ ഓര്‍മയില്‍ ജീവന്‍ മാഷ് തെല്ലിട നിശബ്ദനായി. പിന്നെ തുടര്‍ന്നു.
'പതിനായിരക്കണക്കിന് ആളുകളാണ് ലോക്കല്‍ ട്രെയിന്‍സ് എന്നറിയപ്പെടുന്ന സബര്‍ബന്‍ സേവനം ഉപയോഗിച്ച് വ്യാവസായിക നഗരത്തില്‍ സഞ്ചരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ മുംബൈ നഗരത്തിന്റെ ജീവനാഡിയാണത്. ഒരു ദിവസം മാത്രം ആ സര്‍വിസുകള്‍ നിലച്ചു പോയാല്‍ മതി, നഗരജീവിതം താളം തെറ്റും. ഭക്ഷണം വില്‍ക്കുന്ന കടകള്‍ പോലും അടച്ചുപൂട്ടും.
ഓരോ ട്രെയിനും സ്റ്റേഷനില്‍ നിര്‍ത്തുന്ന ഒരൊറ്റ മിനുട്ടില്‍ ആയിരങ്ങളാണ് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. അതിനകത്തു കയറിപ്പറ്റാന്‍ പ്രത്യേക മിടുക്ക് വേണം. ഇരിക്കാന്‍ സ്ഥലം പോയിട്ട് നില്‍ക്കാന്‍ തന്നെ, ഒറ്റക്കാലും കുത്താനെങ്കിലും ഇടം കിട്ടിയാല്‍ ഭാഗ്യം. അത്രയ്ക്കു തിരക്കാണ്. ആ ട്രെയിനുകള്‍ ഓടാതിരിക്കുകയും അത്രയും മനുഷ്യര്‍ സ്വകാര്യ വാഹനങ്ങളെടുത്ത് നിരത്തിലേക്ക് ഇറങ്ങുകയും ചെയ്താല്‍ നഗരം പൊട്ടിത്തെറിയിലേക്കു വീഴും'.
കുട്ടികള്‍ മാഷ് പറയുന്നതു ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. 'ഇതൊക്കെക്കൊണ്ടു തന്നെയാണ് പറയുന്നത് ട്രെയിനും ബസും പോലുള്ള പൊതുഗതാഗത ഉപാധികള്‍ ശക്തിപ്പെടുത്തണമെന്ന്. അതുവഴി നിരത്തുകളിലെ തിരക്കു കുറയ്ക്കാം, ഇന്ധന ചെലവ് ലാഭിക്കാം, അന്തരീക്ഷ മലിനീകരണം തടയാം, ധനദുര്‍വ്യയം നിയന്ത്രിക്കാം, അപകടങ്ങള്‍ കുറയ്ക്കാം... അങ്ങനെ അസംഖ്യം ഗുണങ്ങള്‍'.
മാഷ് ഒന്നു നിര്‍ത്തി നിശ്വസിച്ചു.
'അതേപ്പറ്റിയൊക്കെ പറയാന്‍ ഇനിയുമേറെയുണ്ട്. വിശേഷിച്ചും തീവണ്ടിയെപ്പറ്റി. പാല്‍ത്തീവണ്ടി, ഡാബാ തീവണ്ടി, ഇന്ത്യാ ദര്‍ശന്‍ തീവണ്ടി, സുഖവാസ തീവണ്ടി അങ്ങനെ എന്തെല്ലാം. പറഞ്ഞാല്‍ തീരില്ല. ട്രെയിന്‍ ബോഗികള്‍ പോലെ ഒന്നൊന്നോടു ചേര്‍ന്നങ്ങനെ നീണ്ടുപോവും'. മാഷ് ചിരിച്ചു.
'കുറേയൊക്കെ നിങ്ങള്‍ക്ക് ഭാവിയില്‍ വായിച്ചും കണ്ടും കേട്ടും അനുഭവിച്ചും അറിയാവുന്നതേയുള്ളൂ. അപൂര്‍ണമായ ചില അറിവുകള്‍ നമ്മെ കൂടുതല്‍ അന്വേഷണത്തിലേക്കും പഠനങ്ങളിലേക്കും നയിക്കും. ശരി, ബാക്കി ഞാന്‍ നിങ്ങള്‍ക്ക് വിട്ടു'. മാഷ് കൈകള്‍ വിടര്‍ത്തി സീറ്റിലേക്കു ചാരി.
'അപ്പോള്‍ എല്ലാവരും ഈ സ്‌നേഹഭവനങ്ങളില്‍ നിന്ന് ഇറങ്ങാനുള്ള തയാറെടുപ്പുകള്‍ നടത്തിക്കോളൂ'. ഒരിറക്ക് വെള്ളമെടുത്തു കുടിച്ച ശേഷം മാഷ് പറഞ്ഞു.
'ഡല്‍ഹി എത്തിയോ?' നദിയും അക്ഷരയും ചാടി എഴുന്നേറ്റ് പുറത്തേക്കു നോക്കി. 'ശരി... നിങ്ങളെക്കാത്ത് മറ്റൊരു സര്‍പ്രൈസ് ദില്ലിയിലുണ്ട്'. അന്നേരം ജീവന്‍ മാഷ് പറഞ്ഞു. കുട്ടികള്‍ അതെന്താണെന്ന് അറിയാനും രാജ്യ തലസ്ഥാനത്തു പാദമൂന്നാനുമുള്ള ആകാംക്ഷയോടെ നിമിഷങ്ങള്‍ എണ്ണിക്കുറച്ച് കാത്തിരിപ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."