കെ-ടെറ്റ് മാര്‍ക്കിളവ്: ദുര്‍വ്യാഖ്യാനം ചെയ്ത ഉത്തരവ് തിരുത്തി
കല്‍പ്പറ്റ: അധ്യാപക നിയമനത്തിനുള്ള യോഗ്യത നിര്‍ണയ കെ-ടെറ്റ് പരീക്ഷയില്‍ പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മാര്‍ക്കിളവ് ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് തിരുത്തി. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ കൂട്ടത്തോടെ അയോഗ്യരാക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഉത്തരവില്‍ തിരുത്തിന് അധികൃതര്‍ തയാറായത്.
പട്ടിക ജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍,ഒ.ബി.സി, അംഗപരിമിതര്‍ എന്നിവരെ മതിയായ മാര്‍ക്ക് നേടിയിട്ടും മാര്‍ക്കിളവിന് ഉത്തരവുണ്ടായിട്ടും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അയോഗ്യരാക്കി പീഡിപ്പിക്കുന്നതായി കഴിഞ്ഞ ഫെബ്രുവരി 20ന് 'സുപ്രഭാതം'വാര്‍ത്ത നല്‍കിയിരുന്നു.
വിഷയത്തില്‍ പിന്നോക്ക വിഭാഗ കമ്മിഷനും ഇടപെട്ടിരുന്നു. മുന്‍കാല പ്രാബല്യം സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ച്ച് 15ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജനറല്‍ വിഭാഗങ്ങള്‍ക്ക് 150 മാര്‍ക്കിന്റെ 60 ശതമാനമായ 90 മാര്‍ക്കും, ആനുകൂല്യമുള്ള സംവരണ വിഭാഗങ്ങള്‍ക്ക് 55 ശതമാനമായ 82 മാര്‍ക്കും ലഭിച്ചാല്‍ മതി.
ചോദ്യങ്ങള്‍ ഒഴിവാക്കപ്പെടുകയാണെങ്കില്‍ മാര്‍ക്കിളവ് എല്ലാവര്‍ക്കും ലഭിക്കും. 2014ല്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയില്‍ രണ്ട് മാര്‍ക്കിന്റെ ചോദ്യം ഒഴിവാക്കിയിരുന്നു.
ജനറല്‍ വിഭാഗത്തിന് മാര്‍ക്കിളവ് നല്‍കിയെങ്കിലും ആനുകൂല്യം നല്‍കേണ്ട വിഭാഗത്തിന് ഇത് നിഷേധിച്ചിരുന്നു. മാര്‍ക്കിളവിന് അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് വിജയിക്കാനാവശ്യമായ മാര്‍ക്കുണ്ടായിട്ടും ഏകദേശം മൂവായിരത്തോളം പേരെ അയോഗ്യരാക്കിയതായാണ് കണക്കുകള്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവ് പ്രകാരം150 മാര്‍ക്കിന്റെ 60 ശതമാനമായ 90 മാര്‍ക്ക് ഉദ്യോഗാര്‍ഥി പരീക്ഷയില്‍ നേടിയാല്‍ വിജയിക്കും.
ആനുകൂല്യമുള്ള സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്കിളവിന്റെ അടിസ്ഥാനത്തില്‍150 മാര്‍ക്കിന്റെ 55 ശതമാനമായ 82 മാര്‍ക്ക് ലഭിച്ചാല്‍ വിജയിക്കാനാവും. ഇതില്‍ തെറ്റായി വ്യാഖ്യാനം നടത്തി അയോഗ്യരാക്കുന്നതായാണ് പരാതി ഉയര്‍ന്നിരുന്നത്. ഇതിനെതിരേ ഉദ്യോഗാര്‍ഥികളും അധ്യാപക സംഘടനകളും പരാതിയുമായി രംഗത്തെത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പിന്‍ബലത്തിലാണ് അധ്യാപകര്‍ക്ക് യോഗ്യത നിര്‍ണയ പരീക്ഷകള്‍ നടത്തുന്നത്. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ ഇതിന് കൃത്യമായ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സി-ടെറ്റ് പരീക്ഷയും സംസ്ഥാന സര്‍ക്കാര്‍ കെ-ടെറ്റ് പരീക്ഷയുമാണ് നടത്തുന്നത്.
ഉദ്യോഗസ്ഥരുടെ വീഴ്ചയായതിനാല്‍ പുനപരിശോധനക്ക് അധികാരികള്‍ തയാറാവണം. ഇവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് ആനുകൂല്യങ്ങള്‍ നിഷേധിച്ചവര്‍ക്കെതിരേ നടപടി എടുക്കണമെന്നും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."