ആഴ്‌സണലിന് ഞെട്ടിക്കുന്ന തോല്‍വി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സണലിനു ഞെട്ടിക്കുന്ന തോല്‍വി. വെസ്റ്റ് ബ്രോംവിച് 3-1നു അവരെ വീഴ്ത്തി. കിരീടത്തിലേക്കു കൂടുതല്‍ അടുത്ത് ചെല്‍സി മറ്റൊരു വിജയം സ്വന്തമാക്കി കുതിപ്പ് തുടരുന്നു. 2-1നു അവര്‍ സ്റ്റോക് സിറ്റിയെ പരാജയപ്പെടുത്തി. ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് നടാടെ മുന്നേറിയ ലെയ്സ്റ്റര്‍ സിറ്റി 3-2നു വെസ്റ്റ് ഹാം യുനൈറ്റഡിനേയും എവര്‍ട്ടന്‍ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ഹള്‍ സിറ്റിയേയും പരാജയപ്പെടുത്തി. ക്രിസ്റ്റല്‍ പാലസ് 1-0ത്തിനു വാട്‌ഫോര്‍ഡിനെ കീഴടക്കിയപ്പോള്‍ സണ്ടര്‍ലാന്‍ഡ്- ബേണ്‍ലി പോരാട്ടം ഗോള്‍രഹിത സമനില.
ആഴ്‌സണലിന്റെ കഷ്ടകാലം തുടരുകയാണ്. ചാംപ്യന്‍സ് ലീഗിന്റെ ഇരു പാദങ്ങളിലുമായി ബയേണിനോടു 10-2ന്റെ തോല്‍വി വഴങ്ങി തുടര്‍ച്ചയായ ഏഴാം തവണയും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ പീരങ്കിപ്പട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മറ്റൊരു തോല്‍വി കൂടി വഴങ്ങി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് വെസ്റ്റ് ബ്രോംവിചാണു അവരെ വീഴ്ത്തിയത്. ചാംപ്യന്‍സ് ലീഗിലെ തോല്‍വിക്കു പിന്നാലെ എഫ്.എ കപ്പിന്റെ ക്വാര്‍ട്ടര്‍ വിജയിച്ച് സെമി ബര്‍ത്ത് ഉറപ്പാക്കി പ്രീമിയര്‍ ലീഗ് പോരാട്ടത്തിനു ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഗണ്ണേഴ്‌സിനു പക്ഷേ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങാനായിരുന്നു യോഗം. ക്രെയ്ഗ് ഡേവ്‌സണ്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റോബ്‌സന്‍ കാനു വെസ്റ്റ് ബ്രോംവിചിനായി മൂന്നാം ഗോളും സ്‌കോര്‍ ചെയ്തു. 12ാം മിനുട്ടില്‍ ലീഡെടുക്കാന്‍ വെസ്റ്റ് ബ്രോംമിനു സാധിച്ചെങ്കിലും 15ാം മിനുട്ടില്‍ അലക്‌സിസ് സാഞ്ചസ് ഗോള്‍ മടക്കി ആഴ്‌സണലിനെ ഒപ്പമെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ വഴങ്ങേണ്ടി വന്നതു ആഴ്‌സണലിനു തിരിച്ചടിയായി. ഇന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വിജയിക്കാന്‍ സാധിച്ചാല്‍ ആഴ്‌സണലിന്റെ അഞ്ചാം സ്ഥാനം നഷ്ടപ്പെടും.
ടീമിന്റെ തോല്‍വിയില്‍ മനം മടുത്ത ആഴ്‌സണല്‍ പ്രേമികള്‍ കോച്ച് ആഴ്‌സന്‍ വെങറെ പുറത്താക്കണമെന്ന പ്ലക്കാര്‍ഡുകളുയര്‍ത്തി. ഈ തോല്‍വിയോടെ കഴിഞ്ഞ 21 വര്‍ഷമായി ടീമിനൊപ്പമുള്ള വെങറുടെ നില കൂടുതല്‍ പരിതാപകരമായി.
കളിയുടെ അവസാന നിമിഷം വരെ 1-1നു സമനില തുടര്‍ന്ന ചെല്‍സി 87ാം മിനുട്ടില്‍ ഗാരി കാഹില്‍ നേടിയ നിര്‍ണായക ഗോളിലാണു വിജയം സ്വന്തമാക്കിയത്. മറ്റൊരു ഗോള്‍ വില്ല്യന്‍ നേടി. രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ നിന്ന എവര്‍ട്ടന്‍ റൊമേലു ലുകാകു ഇഞ്ച്വറി ടൈമില്‍ തുടരെ രണ്ടു തവണ വല ചലിപ്പിച്ചതോടെ നാലു ഗോളുകള്‍ക്കാണു സ്വന്തം തട്ടകത്തില്‍ ഹള്‍ സിറ്റിയെ വീഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."