തൊട്ടാല്‍ പൊളിയും കല്മതില്; വിജിലന്‍സിന് പരാതി നല്‍കുമെന്ന് എഫ്.ആര്.എഫ്
സുല്‍ത്താന്‍ ബത്തേരി: ട്രഞ്ചും വൈദ്യുതി വേലിയും പരാജയമായതോടെയാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ കല്മതില് നിര്‍മിച്ചു തുടങ്ങിയത്. എന്നാല്‍ കല്മതില് നിര്‍മാണത്തിലും അഴിമതി നിറഞ്ഞതോടെ മറ്റു പ്രതിരോധ സംവിധാനങ്ങള്‍ പോലെ ഇതും പരാജയപ്പെടുകയാണ്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് കല്‍മതിലുകള്‍ക്ക് ആയുസില്ലാതാകാന് കാരണം. ഇതോടെ ലക്ഷങ്ങള്‍ മുടങ്ങി മതില് നിര്‍മിച്ച പ്രദേശങ്ങളിലും വന്യമൃഗങ്ങള്‍ യഥേഷ്ടം ജനവാസ കേന്ദ്രങ്ങളിലെത്തുകയാണ്. അസംസ്കൃത വസ്തുക്കള്‍ കൃത്യമായ അളവില്‍ ഉപയോഗിക്കാതെ തട്ടിക്കൂട്ടി നിര്‍മാണം പൂര്‍ത്തിയാക്കി ഫണ്ട് അടിച്ചുമാറ്റലാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരോപണം. കുപ്പാടി വീട്ടികുറ്റി ഭാഗത്ത് നിര്‍മിച്ച പ്രതിരോധ മതില്പൊളിഞ്ഞിട്ട് കാലങ്ങളായി. കൂടാതെ ചെതലയം, മുത്തങ്ങ, നൂല്‍പ്പുഴ മുക്കുത്തികുന്ന് എന്നിവിടങ്ങളിലൊക്കെ കല്മതിലുകള് മിക്കയിടങ്ങളിലും തകര്‍ന്ന നിലയിലാണ്. കരാറുകാരനൊപ്പം ചില ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇത്തരത്തില്‍ അഴിമതി നടത്തുന്നതെന്ന ആരോപണം ശക്തമായിരിക്കുകയാണ്. വനത്തിലെ ഇത്തരം നിര്‍മാണങ്ങള്‍ക്കെതിരേ വിജിലന്‍സിന് പരാതി നല്‍കാനൊരുങ്ങുകയാണ് കര്‍ഷകസംഘടനയായ എഫ്.ആര്.എഫ്. കര്‍ഷകര്‍ക്കായി വനംവകുപ്പ് എന്തെങ്കിലും പ്രവര്ത്തിചെയ്യുന്നുണ്ടങ്കില് അതിന്റെ ഗുണം കര്ഷകന് ലഭിക്കണമെന്നും അല്ലാതെ കര്‍ഷകന്റെ പേരില്‍ ഫണ്ട് അടിച്ചുമാറ്റാന്‍ അനുവദിക്കില്ലന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."