കാരുണ്യസ്പര്‍ശം: നാട്ടുകാര്‍ കൈകോര്‍ത്തു; അഞ്ച് മണിക്കൂര്‍ കൊണ്ട് അറുപത് ലക്ഷം സമാഹരിച്ചു
ഏറ്റുമാനൂര്‍: അവയവമാറ്റശസ്ത്രക്രീയയ്ക്ക് ഒരുങ്ങുന്ന ഷിജുവിനും നദീറയ്ക്കും റ്റിനുവിനും സഹായഹസ്തവുമായി ഏറ്റുമാനൂരിലെ ജനങ്ങള്‍ കൈ കോര്‍ത്തു. അഞ്ച് മണിക്കൂര്‍ കൊണ്ട് അറുപത് ലക്ഷം രൂപ സമാഹരിച്ച ജീവന്‍രക്ഷാ പദ്ധതിയ്ക്കാണ് ഇന്നലെ ഏറ്റുമാനൂര്‍ സാക്ഷ്യം വഹിച്ചത്. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ നിര്‍ദ്ധനരായ രോഗികളുടെ അവയവമാറ്റശസ്ത്രക്രീയയ്ക്ക് സഹായമെത്തിക്കാനായി നഗരസഭാ ചെയര്‍മാന്‍ ജോയി മന്നാമല ചെയര്‍മാനായി രൂപീകരിച്ച ജീവന്‍ രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും റസിഡന്റ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ വിവിധ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ഭവനസന്ദര്‍ശനം നടത്തി സമാഹരിച്ചതാണ് ഈ തുക.
അമ്പത് ലക്ഷം സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും നാട്ടുകാരുടെ നിര്‍ലോഭമായ സഹകരണം സഹായധനത്തിന്റെ മൂല്യം കൂടി. ഇന്നലെ രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെ മാത്രം പിരിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. അതിനു ശേഷം ലഭിക്കുന്ന തുക നേരില്‍ വാങ്ങേണ്ടതില്ലെന്നും ബാങ്കില്‍ നിക്ഷേപിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചിരുന്നു.
കരള്‍രോഗം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പേരൂര്‍ പായിക്കാട് മണിമലത്തറയില്‍ ഷിജുമോന്‍ (33), വൃക്കരോഗം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഏറ്റുമാനൂര്‍ കിഴക്കുംഭാഗം മന്നത്തൂര്‍ നദീറാ സലിം (45), പുല്ലുകാട്ടില്‍ റ്റിനു പി ചാക്കോ എന്നിവര്‍ക്കാണ് അവയവമാറ്റശസ്ത്രക്രീയയ്ക്കുള്ള സാമ്പത്തിക സഹായം എത്തിക്കുന്നത്. ഷിജുമോന്റെ ശസ്ത്രക്രീയയ്ക്ക് 25 ലക്ഷവും നാദിറയ്ക്കും റ്റിനുവിനും പത്ത് ലക്ഷം രൂപാ വീതവുമാണ് ചെലവ് വരുന്നത്.
നഗരസഭയിലെ എല്ലാ വാര്‍ഡിലും ഒരേ സമയം പ്രവര്‍ത്തകര്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചാണ് തുക സമാഹരിച്ചത്. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി മുപ്പത്തഞ്ച് വാര്‍ഡുകളിലും കൗണ്‍സിലര്‍മാര്‍ ചെയര്‍മാനായി ഉപസമിതികള്‍ രൂപീകരിച്ചു. ചങ്ങനാശ്ശേരി പ്രത്യാശയുടെ സഹകരണത്തോടെയാണ് സമിതിയ്ക്ക് രൂപം നല്‍കിയത്. ധനസമാഹരണത്തിലൂടെ അധികം ലഭിച്ച തുക ഭാവിയില്‍ നഗരസഭാ പരിധിയില്‍ കഷ്ടതയനുഭവിക്കുന്ന രോഗികളുടെ ശസ്ത്രക്രീയാ ചെലവുകള്‍ക്ക് ഉപയോഗപ്പെടുത്താനായി കരുതുമെന്ന് ചെയര്‍മാന്‍ ജോയി മന്നാമല പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."