വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 200 ലേറെ പേര്‍ക്ക് ഭക്ഷ്യ വിഷബാധ
മാള: ഒരാഴ്ച മുന്‍പു നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 200 ലേറെ പേര്‍ക്കു ഭക്ഷ്യവിഷബാധ.
കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 10, 12 വാര്‍ഡുകളില്‍ പെട്ട ആലമറ്റം, തിരുത്ത, വയലാര്‍ പ്രദേശങ്ങളിലെ 200 ലധികം പേര്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റത്.
കഴിഞ്ഞ 13 നു 10 ാം വാര്‍ഡില്‍ നടന്ന വിവാഹ ചടങ്ങിന്റെ തലേദിവസവും വിവാഹ ദിവസവും ഭക്ഷണം കഴിച്ചവര്‍ക്കും ക്ഷേത്രത്തില്‍ സ്വാഗത പാനീയം കഴിച്ചവര്‍ക്കുമാണു ഭക്ഷ്യവിഷബാധയേറ്റത്.
600ല്‍പ്പരം പേര്‍ വിവാഹത്തിനെത്തിയിരുന്നു. ഇതില്‍ നാട്ടിലുള്ള 200 ലധികം ആളുകള്‍ക്കാണു ഭക്ഷ്യവിഷബാധയുണ്ടായത്. ഇവര്‍ മാള ഗവണ്‍മെന്റ് ആശുപത്രി, മാളയിലെ സ്വകാര്യ ആശുപത്രി, ഐരാണിക്കുളം ഗവണ്‍മെന്റ് ആശുപത്രി, ചാലാക്കല്‍ എസ്.എന്‍ മെഡിക്കല്‍ കോളജ്, കുഴൂരിലെയും പുത്തന്‍വേലിക്കരയിലേയും ആശുപത്രികള്‍ തുടങ്ങിയേടങ്ങളില്‍ ചികിത്സ തേടി.
ശക്തമായ പനിയും തലവേദനയും വയറിളക്കവുമാണു രോഗികള്‍ക്കുണ്ടായത്. മലത്തിലൂടെ രക്തവും വന്നിരുന്നു. ചെറിയ കുട്ടികള്‍ക്കാണ് ഈ ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷമായത്.
പിന്നീടു മുതിര്‍ന്നവരിലേക്കും വ്യാപിച്ചു.
ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണെന്നാണു ആരോഗ്യ വകുപ്പിന്റെ നിഗമനം. അതിനുസരിച്ചുള്ള ചികിത്സയാണു നല്‍കിയത്. വിവാഹ വീട്ടിലേയോ അടുത്ത വീട്ടിലേയോ കിണറുകളിലെ വെള്ളമാണു കാരണമെന്നാണു സംശയിക്കുന്നത്.
ഈ രണ്ടു കിണറുകളിലേയും വെള്ളത്തിന്റെ സാമ്പിളുകള്‍ കാക്കനാട്ടെ അനലറ്റിക്കല്‍ ലാബിലേക്കു പരിശോധനക്കയച്ചിട്ടുണ്ട്.
പരിശോധന ഫലം ലഭിക്കാന്‍ മൂന്നാഴ്ചയെടുക്കും. വിവാഹ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഈ ലക്ഷണങ്ങളുണ്ടായിരുന്നു.
വിനോദയാത്ര പോയിടത്തു നിന്നും സംഭവിച്ചതാകാം എന്ന സംശയത്തിലായിരുന്നു അവര്‍.
വിവാഹത്തിന്റെ ഭാഗമായി രണ്ടു ദിവസത്തിനു ശേഷം നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും സമാനമായ അവസ്ഥയാണ്. അതാണു വെള്ളമാണ് പ്രശ്‌നകാരണമെന്നു സംശയിക്കാന്‍ കാരണം.
തുടക്കത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മോശമായിരുന്നെന്നാണു നാട്ടുകാരില്‍ നിന്നുമുള്ള ആരോപണം.
പിന്നീടു ബോധവല്‍ക്കരണ ക്ലാസുകളും ക്ലോറിനേഷനും മറ്റും നടന്നു. ഇത്തരം അവസ്ഥകളില്‍ ധാരാളം വെള്ളം കുടിക്കുകയും കര്‍ശനമായ വ്യക്തി ശുചിത്വം പാലിക്കണമെന്നുമാണു ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ത്ഥന.
കോളറയാണെന്ന പ്രചാരണം ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നുണ്ട്. എന്നാല്‍ അത്തരം പ്രചാരണങ്ങളില്‍ കുടുങ്ങരുതെന്നാണു ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ത്ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."