അന്തര്‍ വാഹിനി സോണാറും കപ്പല്‍ ഡയറക്ടിങ് ഗിയറും വികസിപ്പിച്ച് എന്‍.പി.ഒ.എല്‍
കാക്കനാട്: സമുദ്രാന്തര്‍ഭാഗത്തെ സെന്‍സറുകളുടെയും സോണാറുകളുടെയും ഗവേഷണത്തിലും വികസനത്തിലും തൃക്കാക്കര നേവല്‍ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി(എന്‍.പി.ഒ.എല്‍) ക്ക് മികച്ച നേട്ടം. അന്തര്‍ വാഹനികളില്‍ ഉപയോഗിക്കുന്ന ഉഷസ് 2 സോണാര്‍ സിസ്റ്റവും കപ്പലുകളില്‍ ഘടിപ്പിക്കുന്ന ഡയറക്ടിങ് ഗിയര്‍ (ഡി.ജി) ഉപകരണങ്ങളും വികസിപ്പിച്ചെടുത്താണ് എന്‍.പി.ഒ.എല്‍ വീണ്ടും മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. രണ്ട് സാങ്കേതിക ഉപകരണങ്ങളും ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബയ്ക്ക് കൈമാറി.
ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ നാവിക വിഭാഗത്തിലെ പ്രമുഖ ലബോറട്ടറിയാണ് കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന എന്‍.പി.ഒ.എല്‍. നിലവില്‍ അന്തര്‍വാഹിനികളില്‍ ഉപയോഗിച്ചു വരുന്ന ഉഷസ് സോണറിന്റെ പരിഷ്‌കരിച്ച പതിപ്പായ ഉഷസ്2 ലോകോത്തര നിലവാരത്തിലുള്ള സംയോജിത അന്തര്‍വാഹിനി സോണാര്‍ സാങ്കേതിക വിദ്യാസംവിധാനമാണ്. ഉഷസ്2 പ്രവര്‍ത്തനക്ഷമമാകുന്നതോടെ റഷ്യന്‍ നിര്‍മിത സോണാറുകള്‍ അന്തര്‍വാഹിനികളില്‍ നിന്ന് ഒഴിവാക്കാന്‍ നാവിക സേനക്കു കഴിയും. ഇതോടെ പൂര്‍ണമായും തദ്ദേശിയമായി വികസിപ്പിച്ചെടുത്ത അന്തര്‍വാഹിനി സോണാറുകളുള്ള സേനയായി ഇന്ത്യന്‍ നാവികസേന മാറും.
അന്തര്‍വാഹിനികളുടെ കണ്ണും കാതും എന്നു വിശേഷിപ്പിക്കാവുന്ന ഉപകരണമാണു സോണാര്‍. ശത്രുസേനയുടെ യുദ്ധക്കപ്പലുകളെയും അന്തര്‍വാഹിനികളെയും സെന്‍സറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ്, സ്ഥാനനിര്‍ണയം നടത്തി കൃത്യമായ വിവരം നല്‍കുന്നതാണ് ഉഷസ്2 സംയോജിത സോണാര്‍ സിസ്റ്റത്തിന്റെ പ്രഥമ ലക്ഷ്യം.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡയറക്ടിങ് ഗിയര്‍ (ഡി.ജി.) ഉപകരണം കപ്പലുകളില്‍ ഭാരമേറിയ സോണാര്‍ സെന്‍സറുകളെ നിശ്ചിത കോണളവുകളില്‍ തിരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്. സെന്‍സറുകളുടെ പ്രവര്‍ത്തന ശേഷി ഉറപ്പാക്കുന്നതിനും അവയുടെ സംവേദനക്ഷമത അളക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
അടുത്തകാലം വരെ ഇന്ത്യന്‍ നിര്‍മിത സോണാറുകള്‍ക്കുള്ള ഡി.ജികള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. സിസ്റ്റം പൂര്‍ണമായും ഇന്ത്യയിലെ വ്യവസായ ശാലകളുടെ സഹകരണത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്. 2014 ല്‍ എന്‍.പി.ഒ.എല്‍, ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, എച്ച്.എം.ടി(കൊച്ചി) എന്നിവ ചേര്‍ന്ന് സംയുക്തമായാണ് തദ്ദേശീയമായ ഡി.ജി സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഇതോടെ പ്രതിരോധ രംഗത്ത് കയറ്റുമതി ചെയ്യാവുന്ന ആദ്യ ഡി.ആര്‍.ഡി.ഒ ലാബായി എന്‍.പി.ഒ.എല്‍ മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."