റോഡ് വെട്ടിപ്പൊളിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണവും മുടങ്ങുന്നു
തിരൂര്‍: പൈപ്പ് അറ്റകുറ്റപണിക്കായി റോഡ് പൊളിച്ചതിനെ തുടര്‍ന്നുള്ള വിവാദം നിലനില്‍ക്കെ ഗുണഭോക്താക്കള്‍ക്കുള്ള കുടിവെള്ളവും മുടങ്ങുന്നു. നഗര ശുദ്ധജല പദ്ധതി പ്രവൃത്തിയും തകരാറിലായ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയും കാരണം ഈ മാസം 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലായണ് വാട്ടര്‍ അതോറിറ്റി ശുദ്ധജല വിതരണം നിര്‍ത്തിവയ്ക്കുന്നത്.
ഇത്രയും ദിവസങ്ങളില്‍ മറ്റിടങ്ങളില്‍ നിന്ന് കുടിവെള്ളം ലഭ്യമാക്കാനുള്ള സൗകര്യം കണ്ടെത്തണമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതരുടെ മുന്നറിയിപ്പ്. തിരൂര്‍ നഗരത്തില്‍ പലയിടങ്ങളിലായി വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പുകളില്‍ തകരാറുകളുണ്ട്. ഇതിനാല്‍ റോഡുകള്‍ പല ഭാഗങ്ങളില്‍ വെട്ടിപൊളിച്ചാണ് പ്രവൃത്തി നടത്തുന്നത്. തിരൂര്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ തലക്കടത്തൂര്‍ വരെയുള്ള മേഖലകളിലും ജില്ലാ ആശുപത്രി, സിവില്‍ സ്റ്റേഷന്‍ റോഡിലും മറ്റിടങ്ങളിലും പൈപ്പുകളുടെ അറ്റകുറ്റപണിക്കായി റോഡുകളില്‍ കുഴിയെടുത്തിട്ടുണ്ട്. ഈ കുഴികള്‍ പല ഭാഗങ്ങളില്‍ നികത്താത്തതിനെ തുടര്‍ന്നും വെട്ടിപൊളിച്ച റോഡ് പൊതുമരാമത്ത് വിഭാഗം ടാര്‍ ചെയ്ത് പൂര്‍വസ്ഥിതിയിലാക്കാത്തതിനാലും നഗരറോഡുകളില്‍ ഗതാഗതക്ലേശമനുഭവപ്പെടുകയാണ്. ഈയൊരു സാഹചര്യത്തിലാണ് കുടിവെള്ള വിതരണവും നിലയ്ക്കുന്നത്. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് കുടിവെള്ള വിതരണം നിര്‍ത്തിവയ്‌ക്കേണ്ടി വരുന്നതെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതരുടെ വിശദീകരണം. സമയബന്ധിതമായി പ്രവൃത്തികള്‍ നടത്താത്തതിനാലാണ് അവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."